ബാഴ്‌സലോണ: യുവ താരം ഓസ്കാർ മിൻഗുവേസ ബാഴ്‌സലോണയിൽ കരാർ പുതുക്കി. 2023 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. പുതിയ കരാറിൽ 100 മില്യനാണ് ക്ലബിന്റെ സെന്റർ ബാക്കായ താരത്തിന്റെ റിലീസ് ക്ലോസ്. ബാഴ്‌സലോണയ്ക്ക് വേണ്ടി 35 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റും മിൻഗുവേസ സംഭാവന ചെയ്തിട്ടുണ്ട്. 21കാരനായ താരം ഈ സീസണിൽ ബാഴ്‌സക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ബാഴ്‌സലോണയുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ഓസ്കാർ. ബാഴ്‌സലോണയ്‌ക്കൊപ്പം അണ്ടർ 10 ടീം മുതൽ താരം ക്ലബിനൊപ്പമുണ്ട്. ഓസ്‌കാറിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥ താരത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. ആ വ്യവസ്ഥ ഉപയോഗിച്ചാണ് കരാർ പുതുക്കുന്നത്. പുതിയ കരാറോടെ താരം ഔദ്യോഗികമായി ബാഴ്‌സലോണ സീനിയർ ടീമിന്റെ ഭാഗമാകും.
Read Also:- പരിശീലകൻ മാറിയാലും ഇന്റർ മിലാനിൽ തുടരുമെന്ന് മാർട്ടിനെസ്
നേരത്തെ, യുവതാരം റിക്വി പുജും ബാഴ്‌സയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. ബാഴ്‌സലോണയിൽ 2023വരെയാണ് റിക്വിയുടെ പുതിയ കരാർ. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരത്തിന് പരിശീലകൻ റൊണാൾഡ് കോമാൻ അധികം അവസരം നൽകാതിരുന്നത് ആരാധകരിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നു. പുതിയ കരാറോടെ അടുത്ത സീസണിൽ ക്ലബിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Post Your Comments