Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഇത് മോദിയുടെ ഇന്ത്യാനിയ, ഹിറ്റ്‌ലറുടെ വേറെ പതിപ്പ് : രൂക്ഷ വിമര്‍ശനവുമായി എം.എ.ബേബി

ന്യൂഡല്‍ഹി ;  പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സി.പി.എം നേതാവ് എം.എ.ബേബി. ‘സെന്‍ട്രല്‍ വിസ്റ്റ’ അവന്യു പുനര്‍നിര്‍മാണ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലയളവില്‍ പുതിയ പാര്‍ലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ വസതിയും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് . ഇതിനായി ഇരുപതിനായിരം കോടി രൂപയാണ് ചെലവഴിക്കപ്പെടുന്നതെന്നും എം.എ. ബേബി ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രസര്‍ക്കാരിനെതിരിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Read Also :  മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം; കരുനീക്കി ഫഡ്‌നാവിസ്; മഹാവികാസ് അഘാഡി സർക്കാർ വീഴുമോ?

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

 

ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ ഡെല്‍ഹിയിലെ ‘സെന്‍ട്രല്‍ വിസ്റ്റ’ അവന്യു പുനര്‍നിര്‍മാണ പദ്ധതി നിറുത്തി വയ്ക്കണമന്നപേക്ഷിക്കുന്ന പൊതുതാല്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞു.

ഹര്‍ജി നല്കിയ എഴുത്തുകാരിയും വിവര്‍ത്തകയുമായ അന്യ മല്‍ഹോത്ര, ചരിത്രകാരനായ സൊഹൈല്‍ ഹഷ്മി (സഫ്ദര്‍ ഹഷ്മിയുടെ സഹോദരന്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. അങ്ങേയറ്റം നിരാശാജനകമായ ഒരു കോടതിവിധിയാണിത്. ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയില്‍ എത്തുന്നതില്‍ നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്.പൊതുതാല്പര്യവ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.

ഇന്ത്യയുടെ പാര്‍ലമെന്റും നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ മറ്റു മന്ത്രാലയങ്ങള്‍ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനര്‍നിര്‍മിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓര്‍മകള്‍ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിന്റെ പാരമ്പര്യം മുഴുവന്‍ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവര്‍ത്തിച്ച് വാദിക്കുന്നു. പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികള്‍ ആ ശബ്ദങ്ങളെ തൃണവല്‍ഗണിക്കുകയാണ്.

ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ ലഭ്യമാണ് സൗകര്യപ്രദമായ പാര്‍ലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഓഫീസ് താമസ സൌകര്യങ്ങള്‍ എന്നിവയും. ഹെറിറ്റേജ് മേഖലയായ ദല്‍ഹി ബോട്ട്ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനംചെയ്യുന്ന ഈ ധൂര്‍ത്ത് നഗരങ്ങളിലെ പുതിയ നിര്‍മ്മിതികള്‍ക്കു മുമ്പ് നടത്തേണ്ട പലതല ചര്‍ച്ചകള്‍ സംബദ്ധിച്ച അന്തര്‍ദ്ദേശീയ – ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്‌നമായി ലംഘിക്കുകകൂടിയാണ്.

പ്രതീകാത്മകമായാണെങ്കിലും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്നവിധമാണ് ഈ നിര്‍മ്മിതി. ദല്‍ഹിയില്‍ വേറെ പത്തിലധികം നിര്‍മ്മാണങ്ങള്‍ നടക്കുന്നതില്‍ പരാതിക്കാര്‍ എന്തുകൊണ്ട് എതിര്‍പ്പുപ്രകടിപ്പിക്കുന്നില്ല എന്നൊരുചോദ്യം കോടതിചോദിച്ചതായി പത്രങ്ങളില്‍വായിച്ചു. വലിയ ബുദ്ധിപരമായ ചോദ്യമെന്ന് മേനിനടിച്ചാവണം ബഹുമാനപ്പെട്ട കോടതി ഇങ്ങനെചോദിച്ചത്. എന്നാല്‍ കോടതിയുടേത് മഠയന്‍ ചോദ്യമാണെന്ന് പറയുന്നില്ല. യുക്തിരഹിതമാണെന്നുപറയാതെ വയ്യ.

ഇപ്പോള്‍ ദല്‍ഹിയില്‍ നല്ല വാസ്തുശില്പഭംഗിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന ,വിവിധ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്രദമായ ചരിത്രനിര്‍മ്മിതികള്‍ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് തലക്കുവെളിവുള്ളവര്‍ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്. അമിതാധികാര പ്രവണതകള്‍ക്കു മുന്നില്‍ നമ്മൂടെ നീതിന്യായ വ്യവസ്ഥ നട്ടെല്ലുനിവര്‍ത്തി നിന്നതൊക്കെ പഴംകഥയാവുകയാണ് എന്നുതോന്നുന്നു. ജനങ്ങള്‍ ഉണരുക മാത്രമാണിനി പോംവഴി.

ബെര്‍ലിന്റെ ഭരണകേന്ദ്രം ആക്‌സിയല്‍ വിസ്റ്റ, ജെര്‍മാനിയ എന്ന പേരില്‍ ലോക തലസ്ഥാനത്തിനുതകുന്ന വിധം പുനര്‍നിര്‍മിക്കുക എന്നത് ഫാസിസ്റ്റ് ഹിറ്റ്‌ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനി ജയിച്ചശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്‌ലര്‍ കണ്ടത്. ഈ വിസ്റ്റയുടെ നിര്‍മാണത്തിനായി കുറേ കെട്ടിടങ്ങള്‍ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തില്‍ ജര്‍മനി സഖ്യസേനയോട്, വിശേഷിച്ച് ബോള്‍ഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജര്‍മന്‍കാര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആല്‍ബര്‍ട്ട് സ്പിയറുമായി ജര്‍മാനിയയുടെ പ്ലാന്‍ നോക്കി ചര്‍ച്ചകള്‍ നടത്തുകയായിരുന്നത്രെ ഹിറ്റ്‌ലര്‍. തൊഴില്‍ കൊണ്ടു വാസ്തുശില്പി ആയ ആല്‍ബര്‍ട്ട് സ്പിയര്‍ ഹിറ്റ്‌ലറുടെ ആയുധ ഉല്പാദന വകുപ്പ് മന്ത്രി ആയിരുന്നു.

ദില്ലിയില്‍ കോവിഡ് പിടിച്ച മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ തന്റെ പുതിയ പാര്‍ലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്‌സിന്‍ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോള്‍ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണ്.

ലണ്ടനില്‍ പോയി ബ്രിട്ടീഷ് പാര്‍ലമെന്റ് കണ്ടിട്ടുള്ളവര്‍ക്കറിയാം എത്രപരിമിതികള്‍ ഉള്ളതാണ് അതെന്ന്. എംപിമാരെല്ലാം വന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമ്മേളനഹാളില്‍ ഒരുമിച്ച് ഇരിക്കാന്‍ പോയിട്ട് നില്ക്കാന്‍ പോലും സ്ഥമുണ്ടാകില്ല. വോട്ടെടുപ്പിനുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഉണ്ടാക്കണമെന്ന അസൗകര്യമുണ്ട്. നമ്മുടെ നിയമസഭയ്ക്കുള്ളത്ര പോലും ആധുനിക സൗകര്യങ്ങള്‍ ബ്രിട്ടനിലെ പാര്‍ലമെന്റില്‍ ഇല്ല. പക്ഷേ, ബ്രിട്ടനിലെ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മിപ്പിക്കാനാണവര്‍ ആ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് മാറാത്തത്. ഒരു പുതിയ കെട്ടിടം പണിയാന്‍ മുട്ടുള്ള ദരിദ്രനാരായണന്മാരുടെ രാജ്യവുമല്ല യുണൈറ്റഡ് കിങ്ഡം.

 

ജനാധിപത്യ പാരമ്പര്യത്തെ പരിമിതമായിട്ടാണെങ്കിലും സംരക്ഷിക്കുന്നതില്‍ ആ രാജ്യത്തിനുള്ള താല്പര്യമാണത് കാണിക്കുന്നത്. ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാന്‍ ശ്രമിക്കും. ജനാധിപത്യം , വാസ്തുശില്പ പാരമ്പര്യത്തെ സംരക്ഷിക്കാനും.
നാഷണല്‍ ആര്‍ക്കൈവ്‌സ്, നാഷണല്‍ മ്യൂസിയം, ഇന്ദിരാ ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്‌കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തില്‍ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്‌ലറുടെ ജര്‍മാനിയ പോലെ മോദിയുടെ ‘ഇന്ത്യാനിയ’ ദില്ലിയില്‍ നിര്‍മിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button