ജനീവ: പലസ്തീനിലെ ഗസ്സയില്‍ ഇസ്രയേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറെടുക്കുന്നു. ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയാണ് അന്വേഷണം നടത്തുക. അറബ് രാജ്യങ്ങള്‍ കൊണ്ടുവന്ന നിര്‍ദേശം ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്കാണ് യുഎന്‍ സമിതി അംഗീകരിച്ചത്.
രണ്ടാഴ്ചയോളം നടന്ന സംഘര്‍ഷങ്ങളും അതിന്റെ കാരണങ്ങളുമാണ് അന്വേഷിക്കുക. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 242 ഗസ്സ നിവാസികളും ഹമാസിന്റെ ആക്രമണത്തില്‍ 13 ഇസ്രയേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് യുഎന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ് (ഒ എഐ സി) രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. മനുഷ്യാവകാശ നിയമങ്ങളും രാജ്യാന്തര നിയമങ്ങളും ലംഘിച്ചാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയതെന്നാണ് ഈ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്ന വാദം.
ചൈനയും റഷ്യയും അടക്കം 24 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ രാജ്യങ്ങളടക്കം ഒമ്പത് അംഗങ്ങള്‍ എതിരായി വോട്ട് ചെയ്തു. 14 രാജ്യങ്ങള്‍ വിട്ടുനിന്നു. നിരീക്ഷക പദവി മാത്രമുള്ളതിനാല്‍ അമേരിക്ക ചര്‍ച്ചയില്‍ പങ്കെടുത്തില്ല. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന അമേരിക്ക, പിന്നീട് ഈ തീരുമാനത്തിനെതിരെ രംഗത്തുവരികയായിരുന്നു
Post Your Comments