
ടെല്‍ അവീവ്: പലസ്തീന്‍ സായുധസംഘമായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇന്ന് പുലര്‍ച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകള്‍ തൊടുത്ത് ഇസ്രയേല്‍ നഗരങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
യന്ത്ര തോക്കുകളുമായി അതിര്‍ത്തി കടന്ന് ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകള്‍ക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേല്‍ അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും 100ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്നു. ഇസ്രയേല്‍ സൈന്യം യുദ്ധത്തിന് തയ്യാറാണെന്നും ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രതിരോധ വക്താവ് പറഞ്ഞു.
Post Your Comments