ഭുവനേശ്വര്‍: യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോവിഡ് വ്യാപനത്തിനിടെ കേന്ദ്രത്തിന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒഡീഷ സന്ദര്‍ശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നവീന്‍ പട്‌നായിക് നന്ദി പറഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ വലിയ തോതിലുള്ള നാശനഷ്ടങ്ങളെക്കുറിച്ചും ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യം കോവിഡിനെതിരെ പോരാടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് അടിയന്തിര സാമ്പത്തിക സഹായം തേടുകയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഇക്കാര്യം കൈകാര്യം ചെയ്യുമെന്നും നവീന്‍ പട്‌നായിക് അറിയിച്ചു.
നേരത്തെ, ഭുവനേശ്വറില്‍ എത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പ്രകൃതി ദുരന്തങ്ങളെ സ്ഥിരമായി നേരിടുന്നതിനാല്‍ ദീര്‍ഘ നാളത്തേയ്ക്കുള്ള പദ്ധതികളാണ് ഒഡീഷയ്ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments