Latest NewsIndiaNews

പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു: കണക്കെടുപ്പ് തുടങ്ങി

ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭണ്ഡാരം തുറക്കല്‍. ക്ഷേത്രത്തിലെ അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും അടങ്ങിയ ഭണ്ഡാരങ്ങള്‍ തുറന്ന് കണക്കെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

Read Also: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

കേരളത്തിലെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഏറെക്കുറെ സമാനമാണ് പുരിയിലെയും സാഹചര്യമെങ്കിലും നിധി ശേഖരത്തിന്റെ അളവുകളില്‍ വ്യത്യാസമുണ്ട്.

ഇന്നലെ തുറന്ന ഒരു അറയില്‍ നിന്ന് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അടക്കമുള്ള അമൂല്യ വസ്തുക്കള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിന് അകത്ത് തന്നെയാണ് ഈ സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്നത്. ഒഡീഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥിന്റെ നേതൃത്വത്തില്‍ പുരി ജഗന്നാഥ ക്ഷേത്രം ചീഫ് അഡ്മിനിസ്ട്രേറ്റര്‍ അരബിന്ദ പാധി ഉള്‍പ്പെട്ട 12 അംഗ സംഘമാണ് ഭണ്ഡാരം തുറന്നുള്ള പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുരാവസ്തു വുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും പ്രതിനിധികള്‍ സംഘത്തിലുണ്ട്.

ഇക്കുറിയും അറകള്‍ ചാവി ഉപയോഗിച്ച് തുറക്കാനായില്ല. കാലപ്പഴക്കമാണ് കാരണമെന്ന് സംശയിക്കുന്നുണ്ട്. തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് അറ തുറന്നത്. 2018 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അറകള്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. രേഖകള്‍ പ്രകാരം രത്നഭണ്ഡാരത്തില്‍ മൊത്തം 454 സ്വര്‍ണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണ് കണക്ക്. ജഗന്നാഥ ക്ഷേത്രത്തിന്റെ പേരില്‍ ബാങ്കില്‍ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണു 2023 ലെ കണക്ക്. ക്ഷേത്രത്തിലേക്കു ഭക്തര്‍ സംഭാവന ചെയ്ത സ്വര്‍ണം ദേശസാല്‍കൃത ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു കിലോയോളം സ്വര്‍ണം ഈ നിലയില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 60,426 ഏക്കര്‍ ഭൂമിയും ഉണ്ട്.

കേരളത്തില്‍ 2011 ജൂലൈ മാസത്തിലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്നത്. എ നിലവറ തുറന്നത് വലിയ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നു. എ നിലവറയുടെ പ്രവേശന കവാടം കഴിഞ്ഞ് മുന്നോട്ട് ഇറങ്ങിയപ്പോള്‍ പൊടിപിടിച്ച ഒഴിഞ്ഞ മുറിയായിരുന്നു. അതിന്റെ നിലത്ത് സ്ഥാപിച്ച കല്ല് പാളികള്‍ നീക്കി താഴേക്ക് ഒരാള്‍ക്ക് മാത്രം ഇറങ്ങാവുന്ന ഇടുങ്ങിയ മുറിയിറങ്ങിപ്പോയവര്‍ കണഞ്ചിപ്പിക്കുന്ന നിധി ശേഖരം കണ്ട് അമ്പരന്നു. സ്വര്‍ണമണികള്‍ നിറച്ച ചാക്കുകള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണ വിഗ്രഹങ്ങള്‍, കിരീടങ്ങള്‍ തുടങ്ങി 90000 കോടി രൂപ വിലമതിക്കുന്ന നിധി ശേഖരമാണ് ഈ നിലവറയില്‍ മാത്രം കണ്ടത്. എന്നാല്‍ പിന്നീട് ബി നിലവറ തുറക്കാനുള്ള തീരുമാനം സുപ്രീം കോടതി ക്ഷേത്ര ഭരണ സമിതിക്ക് വിട്ടു. തുറക്കേണ്ടെന്ന് ഭരണ സമിതി തീരുമാനിച്ചതോടെ അളവറ്റ നിധിശേഖരം ഈ നിലവറയിലുമുണ്ടെന്ന സംശയം മാത്രം ബാക്കിയാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button