കോട്ടയം: ബാറുകൾ തുറക്കാതായതോടെ വീടുകളിൽ വ്യാജവാറ്റ് സ്ഥിരമായി മാറുകയാണ്. ലോക്ഡൗണില്‍ ബാറുകളും ബിവറേജസും അടഞ്ഞതോടെ കുക്കറുകള്‍ ഉപയോഗിച്ച് വീടുകളിലാണ് വാറ്റ് സജീവമായിരിക്കുന്നത്. വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണ് വീടിനെ ‘ഡിസ്റ്റിലറിയാക്കുന്നവരില്’ ഏറെ. മദ്യത്തിനു കര്‍ശനനിയന്ത്രണമുള്ള ചില രാജ്യങ്ങളില്‍ കുക്കറുകള്‍ ഉപയോഗിച്ച് അതിരഹസ്യമായി വാറ്റി വില്പനയടക്കമുണ്ട്. ഇത്തരത്തിലുള്ള ‘പരിചയസമ്പന്നരാണ്’ അടച്ചിടല്‍ കാലത്ത് പരീക്ഷണത്തിനു മുതിരുന്നവരില്‍ ഭൂരിഭാഗവും. യൂട്യൂബില്‍നിന്ന് നോക്കി വാറ്റുന്നവരുമുണ്ട്. മദ്യത്തിന്റെ ലഭ്യത തീരെ നിലച്ചതിനെ ചൊല്ലി പലരും സാനിറ്റൈസർ വരെ കഴിച്ച് മരണത്തിന് കീഴടങ്ങുന്നതും സ്ഥിരമാണ്.
വീടുകളിൽ അതീവരഹസ്യമായി കുക്കര്‍ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണില്‍ വര്‍ധിച്ചതായാണ് എക്സൈസ് വിലയിരുത്തല്‍. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. അടുത്തിടെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സമാനരീതിയില്‍ വാറ്റിയതായ വിവരം എക്സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാല്‍ രഹസ്യവിവരം ലഭിച്ചാല്‍ മാത്രമേ ഇത്തരക്കാരെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു തടയിടാന്‍ നിരീക്ഷണം ശക്തമാക്കിയതായും എക്സൈസ് അറിയിച്ചു.
Post Your Comments