കൊച്ചി: ലക്ഷദ്വീപിലെ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിലും ഉള്ളത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണു പരസ്യം നല്‍കിയത്.
മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ലക്ഷദ്വീപില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നാണു വ്യാഴാഴ്ച കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. ഇത് തന്നെയാണ് പരസ്യത്തിലും ഉള്ളത്. തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒട്ടേറെ വികസന പദ്ധതികള്‍ ഇവിടെ നടപ്പാകാനിരിക്കുകയാണ്. പ്രദേശത്തെ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെതിരായതിനാലാണ് ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്.
ഇവ ദ്വീപ് നിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും പുറത്തുനിന്നുള്ള എതിര്‍പ്പുകളെ കാര്യമായി എടുക്കില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാൽ തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശിയും കെപിസിസി സെക്രട്ടറിയുമായ കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹര്‍ജിക്കാര്‍. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന് എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.
Post Your Comments