കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തില്‍ അവസാനം പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത് വന്നു. ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു. ‘ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. സമാധാനത്തിന് പേരുകേട്ട പ്രദേശമാണിതെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘ആറു മാസമായി ചുമതലയിലുള്ള അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ലക്ഷദീപിലെ ജനങ്ങളുടെ സവിശേഷ സംസ്‌കാരത്തെ തകര്‍ക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്നവയുമാണെന്നും’ അദ്ദേഹം പറയുന്നു.
‘ഗവണ്മെന്റ് ഓഫീസുകളില്‍ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കല്‍, മദ്യത്തിന് അംഗീകാരം നല്‍കല്‍, മല്‍സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കല്‍, ജനങ്ങളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാനുള്ള ശ്രമമാരംഭിക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കല്‍, കോവിഡ് പ്രോട്ടോകളില്‍ അയവ് വരുത്തല്‍ – തുടങ്ങി പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നത് മുതല്‍ ഏര്‍പ്പെടുത്തിയ ഓരോ നിയമങ്ങളും ദ്വീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കിയിരിക്കുന്നുവെന്നും’ കാന്തപുരം ചൂണ്ടിക്കാട്ടി.
അതിനാല്‍, ലക്ഷദീപിലെ എഴുപത്തിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം. അവര്‍ക്ക് മേല്‍ പുതുതായി ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments