KeralaIndia

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലേക്ക് കേരളാ ബിവറേജസ് കോർപ്പറേഷൻ എത്തിച്ചത് 267 കെയ്‌സ് മദ്യം

കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ ഇനിമുതൽ മദ്യം ലഭിക്കും. കേരളത്തിൽ നിന്നുള്ള ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഇന്നലെ ലക്ഷദ്വീപിലെത്തിയത്. കൊച്ചിയിൽനിന്ന് കപ്പൽമാർഗം 267 കെയ്‌സ് മദ്യമാണ് ബംഗാരം ദ്വീപിലെത്തിച്ചത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ അളവിൽ മദ്യം എത്തുന്നത്. ഇന്നലെ ലക്ഷദ്വീപിൽ എത്തിച്ച മദ്യത്തിൽ 80 ശതമാനം ബിയറാണ്.

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കുന്നത്. ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും വിദേശനിർമിത വിദേശമദ്യവും കയറ്റി അയക്കാൻ ബിവറജസ് കോർപ്പറേഷന് സർക്കാർ അനുമതിനൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിൽ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്‌പോർട്‌സി’ന്റെ അപേക്ഷ പരിഗണിച്ചായിരുന്നു അനുമതി. 21 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.

അഗത്തി ദ്വീപിനോടുചേർന്ന് ആൾത്താമസമില്ലാത്ത 120 ഏക്കറിലുള്ള ബംഗാരത്ത് കോട്ടേജുകളും ഹട്ടുകളുമാണ് വിനോദസഞ്ചാരികൾക്കായുള്ളത്. വിദേശ വിനോദസഞ്ചാരികളാണ് കൂടുതലും എത്തുന്നത്. 215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് ബം​ഗാരം ദ്വീപിലെത്തിച്ചത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകൾ മദ്യനിരോധിത മേഖലയായി തുടരും.

ഒറ്റത്തവണ അനുമതിയായാണ് ലക്ഷ​ദ്വീപിൽ മദ്യമെത്തിച്ചിരിക്കുന്നത്. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്‌പോർട്‌സി’നും ലഭിക്കും. എക്‌സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാൻ പെർമിറ്റ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button