ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഗുസ്തി താരവും ഒളിമ്പിക് മെഡില്‍ ജേതാവുമായ സുശീല്‍ കുമാറിന് തിരിച്ചടി. സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി രോഹിണി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ പ്രതിയായ സുശീല്‍ കുമാര്‍ നിലവില്‍ ഒളിവിലാണ്. ഡല്‍ഹി പോലീസ് സുശീല്‍ കുമാറിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാറിനെതിരെ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുശീല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പക്ഷപാതപരമായാണ് പോലീസ് അന്വേഷണമെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സുശീല്‍ ഒളിവില്‍ പോയത്. മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്‌റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം നടന്നത്. ഇതില്‍ സുശീല്‍ കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവില്‍ പോയത്. സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Post Your Comments