Latest NewsNewsInternational

‘ജീഹാദികള്‍ക്കെതിരെ പോരാടണമെന്ന് പള്ളി ഇമാം’; സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ഇമാമിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീംപള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിൽ ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു. അതേസമയം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു മസ്ജിദില്‍ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ പള്ളിയിലെ ഇമാം മുഹമ്മദ് നൗമാന്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇമാമിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ജീഹാദികള്‍ക്കെതിരെ പോരാടാന്‍ പള്ളി ഇമാം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം.

അതേസമയം താലിബാന്‍ തീവ്രവാദ ഗ്രൂപ്പ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഈ ആക്രമണത്തെ അപലപിച്ചിരുന്നു. എന്നാൽ റംസാന്‍ ഒഴിവിനോടനുബന്ധിച്ച്‌ മൂന്ന് ദിവസത്തേക്ക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈ മൂന്ന് ദിവസങ്ങളില്‍ അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ എവിടെയും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഈ സ്ഫോടനത്തോടെ താലിബാന് പുറമെ അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റും പിടിമുറുക്കുന്നതായി സൂചനയുണ്ട്. മാത്രമല്ല, താലിബാനേക്കാള്‍ കൂടുതല്‍ മതമൗലിക സ്വഭാവമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സാന്നിധ്യം അഫ്ഗാന്‍ സേനയ്ക്ക് ഭാവിയില്‍ കൂടുതല്‍ തലവേദനയാകും.

Read Also: പള്ളിയില്‍ സ്ഫോടനം; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

കാബൂളിലെ ഷകര്‍ ദരാഹ് മസ്ജിദിലാണ് ഇന്നലെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 15 പേര്‍ക്കാണ് പരിക്കേറ്റത്. താലിബാനാണ് ആക്രമണത്തില്‍ പിന്നില്‍ എന്നായിരുന്നു നേരത്തെ നിഗമനമുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളില്‍ 80 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് തൊട്ടുപിന്നാലെയാണ് മസ്ജിദിലെ സ്ഫോടനം. ഹസാര ഷിയ വിഭാഗത്തില്‍പ്പെട്ടവരുടേതാണ് സ്കൂള്‍. ഈ സ്കൂളിലെ സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് യുഎസ് അനുമാനിച്ചിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിത്തുടങ്ങിയതോടെ വീണ്ടും ബോംബ് സ്ഫോടനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button