തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ച സ്ത്രിയയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകള്‍ നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തൃശൂര്‍ ശക്തന്‍ നഗറിലെ എം.ഐ.സി പള്ളി അധികൃതര്‍ക്കെതിരെയും മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ക്കെതിരെയുമാണ് കേസ്. കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശിനി ഖദീജയുടെ (53) മൃതദേഹമാണ് പള്ളിയിലിറക്കി കുളിപ്പിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും ചെയ്തത്.
വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് പള്ളി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയുമാണ് കേസെടുത്തത്. സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് മൃതദേഹമെത്തിച്ചത്. ആംബുലന്‍സ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ മെഡിക്കല്‍ കോളജിലാണ് വരവൂര്‍ സ്വദേശിനിയായ 53-കാരി ഖദീജ മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, ഇന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകും വഴി പള്ളിയിലിറക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് സംസ്‌കരിക്കാനായി കൊണ്ടുപോകുന്ന കോവിഡ് രോഗിയുടെ മൃതദേഹം വഴിയിലിറക്കാനോ, പൊതുദര്‍ശനം നടത്താനോ പാടില്ലെന്നാണ് കോവിഡ് ചട്ടം. ഇത് നിലനിൽക്കെയാണ് ചട്ടലംഘനമുണ്ടായിരിക്കുന്നത്.
Post Your Comments