KeralaLatest NewsNews

ഒരുമാസം മുമ്പ് ‘സംസ്‌കരിച്ച’ 17 -കാരന്‍ ജീവനോടെ തിരിച്ചെത്തി, ട്രെയിന്‍ തട്ടി മരിച്ചതാര്?

ബിഹാറില്‍ ഒരുമാസം മുമ്പ് മരിച്ചെന്ന് കരുതി ‘സംസ്‌കരിച്ച’ 17 -കാരന്‍ ജീവനോടെ തിരികെ വീട്ടില്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് മരിച്ചതായി കരുതി ഒരു മാസം മുമ്പ് ദഹിപ്പിച്ച 17 വയസ്സുകാരന്‍ വെള്ളിയാഴ്ച ജീവനോടെ തിരിച്ചെത്തിയത്. ‘സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഒരുമാസം മുമ്പ് സംസ്‌കരിച്ചത് ആരെയാണ് എന്ന് കണ്ടെത്താനും ശ്രമിക്കുന്നുണ്ട്’ എന്നാണ് പൊലീസ് പറയുന്നത്. ജീവനോടെ തിരിച്ചെത്തിയ ആണ്‍കുട്ടിയേയും പൊലീസ് ചോദ്യം ചെയ്യും. കാരണം കുട്ടി പറയുന്നത് അവനെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയി എന്നാണ് എന്നും ദര്‍ഭംഗ എസ്ഡിപിഒ അമിത് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫെബ്രുവരി 8 -നാണ് 17 -കാരനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മാബി പൊലീസില്‍ പരാതി നല്‍കിയത് എന്ന് നാട്ടുകാര്‍ പറയുന്നു. ഫെബ്രുവരി 26 ന്, അല്ലല്‍പട്ടി പ്രദേശത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം കയ്യും കാലും നഷ്ടപ്പെട്ട നിലയില്‍ ആളെ തിരിച്ചറിയാന്‍ പോലും ആവാത്ത നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. അത് കാണാതായ 17 -കാരന്റെ മൃതദേഹമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും പിന്നീട് കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

എന്നാല്‍, വ്യാഴാഴ്ച കുട്ടി ദര്‍ഭംഗ ജില്ലാ കോടതിയില്‍ ഹാജരാവുകയും തന്നെ തട്ടിക്കൊണ്ടുപോയതാണ് എന്ന് അവകാശപ്പെടുകയും ചെയ്തു. താന്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു, അപ്പോഴാണ് മൂന്നോ നാലോ പേര്‍ തന്റെ അടുത്തേക്ക് വന്നത്. അവര്‍ ഒരു തുണി തന്റെ മുഖത്ത് അമര്‍ത്തി പിന്നെ തനിക്ക് ഒന്നും ഓര്‍മ്മയില്ല എന്നാണ് കുട്ടി പറഞ്ഞത്.

അവിടെ നിന്നും തന്നെ നേപ്പാളിലേക്കാണ് കൊണ്ടുപോയത്. ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ആദ്യം സഹോദരനെ വീഡിയോകോള്‍ വിളിച്ചു. സഹോദരന്‍ നേപ്പാളിലെത്തി തന്നെ കൂട്ടിക്കൊണ്ടു വന്നു. പൊലീസില്‍ പോകാതെ നേരിട്ട് കോടതിയില്‍ വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button