COVID 19Latest NewsIndia

കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി

കോവിഡിന് പോസിറ്റീവ് പരിശോധന നടത്തിയതിന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് 26കാരനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. ജിടിബി ഹോസ്പിറ്റലിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചവരെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു അനസ്. അന്ന് രാത്രി എട്ടുമണിയോടെയാണ് അനസിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രക്തസ്രാവം മൂലം അദ്ദേഹം മരിക്കുകയായിരുന്നു.

അദ്ദേഹത്തിന് മറ്റ് രോഗങ്ങളൊന്നുമില്ലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജിടിബി ആശുപത്രിയില്‍ കോവിഡ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍മാരില്‍ ഒരാളാണ് അനസ്. ‘ചുറുചുറുക്കാര്‍ന്ന ഒരു മിടുക്കനായ ഡോക്ടറെ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. ക്ലാസുകളില്‍ അധികം സംസാരിക്കാത്ത ഒരു വിദ്യാര്‍ഥിയായിരുന്നുവെങ്കിലും ഇടനാഴിയില്‍ എന്നെ അവന്‍ എപ്പോഴും അഭിവാദ്യം ചെയ്യുമായിരുന്നു.

READ MORE: ദുരിതകാലത്തൊരു കൈത്താങ്ങ്; ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് പുതിയ വ്യോമപാത തുറന്ന് യു.എ.ഇ; കേരളത്തിൽ രണ്ട് ഇടങ്ങളിൽ

അവന്റെ പുഞ്ചിരി എനിക്ക് മിസ്സ് ചെയ്യും. കഴിഞ്ഞ മൂന്ന് മാസമായി അവന്‍ ജോലി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലെ സീനിയേഴ്‌സിനോട് ഞാന്‍ സംസാരിച്ചിരുന്നു. അവന്റെ പ്രകടനത്തെ കുറിച്ച് അവര്‍ക്കെല്ലാം നല്ല മതിപ്പാണ്. ഞാന്‍ അവനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ഇന്നലെ നിരവധി കോവിഡ് രോഗികള്‍ക്ക് അവന്റെ സേവനം ലഭിച്ചു. അവനൊരു രക്തസാക്ഷിയാണ്’ -യു.സി.എം.എസിലെ ഫിസിയോളജി വിഭാഗത്തിലെ പ്രഫസറായ ഡോ. സത്യേന്ദ്ര സിങ് പറഞ്ഞു.

അനസിന്റെ കുടുംബം ഡല്‍ഹിയിലാണ് താമസിക്കുന്നത്. അനസ് ലീല പാലസ് ഹോട്ടലിലായിരുന്നു താമസിച്ചു കൊണ്ടിരുന്നത്. കോവിഡ് ഡ്യൂട്ടിയുള്ളതിനാല്‍ ആശുപത്രി അധികൃതരാണ് അനസിന്റെ താമസ സൗകര്യം ലീല പാലസില്‍ ഒരുക്കിയിരുന്നത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ചുമതലകള്‍ നിര്‍വഹിക്കുന്ന റസിഡന്റ് ഡോക്ടറായിരുന്നു അദ്ദേഹം. മാതാപിതാക്കളും നാല് സഹോദരങ്ങളുമുണ്ട് അനസിന്.

READ MORE: രോഗികളുടെ പരാതി ഫലം കണ്ടു; കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്

ശനിയാഴ്ച വൈകുന്നേരം അനസ് ഇഫ്താറിനായി കുടുംബത്തെ കാണാന്‍ പോയിരുന്നു. ഹോട്ടലിലേക്ക് മടങ്ങുന്നതിനുമുമ്പ്, അസുഖം തോന്നിയതിനാല്‍ ജിടിബിയില്‍ കയറി കോവിഡ് പരിശോധന ചെയ്യുകയായിരുന്നു. ആന്റിജന്‍ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്ന് തെളിഞ്ഞു. കടുത്ത തലവേദനയാണെന്ന് അനസ് പറഞ്ഞപ്പോള്‍ ഡോക്ടര്‍ കുറിപ്പടി എഴുതുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീണു. ഡോക്ടര്‍ മാസ്‌ക് നീക്കിയപ്പോള്‍ മുഖത്തിന്റെ ഒരു വശം തളര്‍ന്നു പോയിരുന്നു’ -അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോ. ഷാസ് ബേഗ് പറഞ്ഞു.

സി.ടി സ്‌കാനില്‍ തല്ലച്ചേറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. പുലര്‍ച്ചെ 2.30 ഓടെ വെന്റിലേറ്റര്‍ ഘടിപ്പിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അനസ് മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശാസ്ത്രി പാര്‍ക്കില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനസിന് അന്ത്യകര്‍മങ്ങള്‍ നടത്തി. ഡല്‍ഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് അനസ് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയത്.

READ MORE: കോവിഡ് : 14 ജില്ലകളിലായി 1045 യൂണിറ്റുകൾ കേന്ദ്രീകരിച്ച് സേവനരംഗത്ത് സജീവമായി സേവാഭാരതി

shortlink

Related Articles

Post Your Comments

Related Articles


Back to top button