രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ കടുത്ത വെല്ലുവിളിയായി സ്വകാര്യ ലാബുകളുടെ നീക്കം. ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവച്ചിരിക്കുകയാണ് സ്വകാര്യ ലാബുകൾ. ചിലയിടങ്ങളിൽ പഴയ നിരക്കിൽ പരിശോധന തുടരുന്നുമുണ്ട്. അതേസമയം നിരക്ക് കുറച്ച സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ് ഉടമകൾ.
പരിശോധനാ നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന സാങ്കേതിക കാരണം ചൂണ്ടികാണിച്ചാണ് ലാബുകൾ നിരക്ക് കുറയ്ക്കാത്തത്. ലാബുകളുടെ നിലപാട് വാർത്തയായതോടെ പലയിടങ്ങളിലും ആളുകൾ പ്രതിഷേധവുമായെത്തി.
നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കിക്കൊണ്ടുളള സർക്കാർ ഉത്തരവ് ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നാൽ നിരക്ക് കുറയ്ക്കാൻ ഉത്തരവിന്റെ പകർപ്പ് കയ്യിൽ കിട്ടണമെന്ന് ലാബ് ഉടമകൾ വാശിപിടിച്ചു. പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിർത്തിവച്ചു. സർക്കാർ ഉത്തരവ് പരിശോധിച്ച ശേഷം ടെസ്റ്റ് പുനരാംഭിക്കുമെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.
Post Your Comments