മലപ്പുറം: നിരവധി കേസുകളില്‍ പ്രതിയായ മലപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി. അരീക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പൂവത്തിക്കല്‍ പൂളക്കച്ചാലില്‍ അബ്ദുള്‍ അസീസിനെതിരെയാണ് കാപ്പ ചുമത്തിയത്. ഇയാള്‍ക്ക് മലപ്പുറം ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (കാപ്പ) 15-ാം വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് ഒരു വര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി, വാഴക്കാട് സ്‌റ്റേഷനുകളിലായി കവര്‍ച്ച, ലഹരിക്കടത്ത്, ലഹരി വസ്തുക്കള്‍ കൈവശംവെയ്ക്കല്‍ എന്നിങ്ങനെയായി നിരവധി കേസുകള്‍ അസീസിനെതിരെയുണ്ട്.
അസീസ് ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പ്രവേശിക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും അരീക്കോട് ഇന്‍സ്‌പെക്ടര്‍ ഉമേഷ് എ പറഞ്ഞു. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അരീക്കോട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ നിയമം നടപ്പിലാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ് അറിയിച്ചു.
Post Your Comments