ന്യൂഡല്‍ഹി: രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാട്ടം തുടരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ രാകേഷ് ടികായത് അറിയിച്ചു. ഹരിയാനയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് രാകേഷ് ടികായത്തിന്റെ പ്രഖ്യാപനം.
ഡല്‍ഹിയില്‍ ഉള്‍പ്പെടെ രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് രാകേഷ് ടികായത് അറിയിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോവിഡ് വ്യാപനത്തിന്റെ പേരില്‍ പ്രതിഷേധക്കാരുടെ ശബ്ദം കേന്ദ്രം അടിച്ചമര്‍ത്തുകയാണെന്നും ടികായത് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന് പണം പിരിച്ചതുപോലെ രാജ്യത്ത് പുതിയ എയിംസ് ആശുപത്രി നിര്‍മ്മിക്കാനായും പണം പിരിക്കണമെന്നും ടികായത് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് മാസമായി ഡല്‍ഹിയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധക്കാര്‍ സമരം തുടരുകയാണ്. ഇതിനിടെ ചിലരൊക്കെ മടങ്ങിയെങ്കിലും അവശേഷിക്കുന്ന ആളുകളെ ഒപ്പം കൂട്ടിയാണ് ടികായത് ഉള്‍പ്പെടെയുള്ള സമര നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ചെങ്കോട്ടയിലെ സംഭവങ്ങളോടെ മുഖം നഷ്ടമായ സമരം വെറും പ്രഹസനമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നടക്കുന്ന സമരം രോഗവ്യാപനം കൂടുതല്‍ രൂക്ഷമാക്കിയേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments