
പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ജില്ലാ പൊലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരാണ് ഉടൻ മടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചത്. ഇന്ത്യാക്കാരെ വിവാഹം കഴിച്ച് ദീർഘകാലമായി ഇവിടെ കഴിയുന്ന പാക് പൗരന്മാർ അടക്കമുള്ളവർ തിരികെ പോകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം വിസിറ്റ് വിസയിലും മെഡിക്കൽ വിസയിലും ഇന്ത്യയിലെത്തിയവരുടെ കാര്യത്തിൽ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
ഞായറാഴ്ചക്കുള്ളില്‍ പാക് പൗരന്മാർ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്രമന്ത്രി അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാർക്ക് രണ്ട് ദിവസം കൂടി രാജ്യത്ത് തുടരാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്.
Post Your Comments