തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ രാജ്യം തയ്യാറെടുക്കുകയാണ്. മെയ് ഒന്ന് മുതൽ ആരംഭിക്കുന്ന വാക്സിനേഷനിൽ പേര് കോവിൻ സൈറ്റ്, ആരോഗ്യ സേതു ആപ് തുടങ്ങിയ വഴികളിലൂടെ രജിസ്റ്റർ ചെയ്യാം.എന്നാൽ കോവിഡ് വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സഹായം എന്ന പേരിൽ തട്ടിപ്പു സംഘങ്ങളും സജീവമാകുന്നു. തിരുവനന്തപുരം താലൂക്ക് ഫോർട്ട് ഹോസ്പിറ്റലിനു മുമ്പിൽ നടത്തിയ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് എന്ന പേരിൽ ആരംഭിച്ച ഹെൽപ് സെൻ്റർ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലോട്ടറി വിൽപനക്കടയായി മാറി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് യുഡിഎഫ് പ്രവർത്തകനാണ്.
കൈതമുക്ക് സ്വദേശിയായ പദ്മകുമാറിൻ്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ഒരു തട്ടിക്കൂട്ട് സെൻ്റർ പ്രവർത്തിച്ചതെന്നു ഫോർവേഡ് ബ്ലോക്ക് ആരോപിക്കുന്നു. കോവിഡ് വാക്സിൻ എടുക്കാനുള്ള രജിസ്‌ട്രേഷനു വേണ്ടി പൊതുജനങ്ങൾക്കായി ഫോർവേഡ് ബ്ലോക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാക്സൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്ക് എന്ന രീതിയിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് കൊണ്ട് ആരംഭിച്ച സെൻ്റർ ഏതാനും മണിിക്കൂറുകൾ കഴിച്ച് കുറച്ച് ചിത്രങ്ങളെടുത്ത ശേഷം അവസാനിപ്പിച്ച് പോകുകയായിരുന്നു. ഇന്നു ഹെെൽപ് സെൻ്റർ ആരംഭിച്ച സ്ഥലത്ത് ലോട്ടറി വിൽപനശാലയാണ് പ്രവർത്തിക്കുന്നത്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നെടുങ്കാട് വാർഡിൽ നിന്നും മത്സരിച്ചയാളാണ് പദ്മകുമാർ
കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്കെതിരെ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയോ സെക്രട്ടറിയേറ്റോ ഇങ്ങനെ ഒരു പരിപാടി നടത്താൻ തീരുമാനിച്ചിട്ടില്ല എന്നാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
നെടുങ്കാട് വാർഡിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അവിഹിത പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയയാളാണ് ഈ പദ്മകുമാർ എന്നും അതിൻ്റെ പേരിലടക്കം അന്വേഷണം പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുകയാണ് എന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന വർക്കിംഗ് സെക്രട്ടറി മനോജ് ശങ്കരനെല്ലൂർ വ്യക്തമാക്കി. നെടുങ്കാട് വാർഡിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളെ തുടർന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയടക്കം കേരളത്തിലെ എല്ലാ ജില്ലകളിലെ കമ്മിറ്റികളും സംസ്ഥാന കൗൺസിൽ താല്കാലികമായി മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്.
മേൽപറഞ്ഞിരിക്കുന്ന പരിപാടിയുമായി ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും, പൊതുജനങ്ങൾ ഈ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും മനോജ് ശങ്കരനെല്ലൂർ അറിയിച്ചു.
Post Your Comments