തിരുവനന്തപുരം: വാക്സിന്‍ കമ്പനികള്‍ സൗജന്യമായി നല്‍കില്ലെങ്കില്‍ കേരളം എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച വാക്സിന്‍ ചലഞ്ചിലേക്കുള്ള സംഭാവന കൂടുന്നു. രണ്ട് ലക്ഷം രൂപ കണ്ണൂരിലെ ബീഡി തൊഴിലാളി സംഭാവന ചെയ്തിരിക്കുകയാണ്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 200850 രൂപയില്‍ നിന്നാണ് രണ്ട് ലക്ഷം ഇയാള്‍ വാക്സിന്‍ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
Read Also : ‘നിങ്ങൾ തയ്യാറാണെങ്കിൽ ഞാനും തയ്യാർ’; മന്ത്രിമാർ ശമ്പളം ദുരിതാശ്വാസനിധിയിലിടാൻ, വെല്ലുവിളിച്ച് മേജർ രവി
ബീഡി തൊഴിലാളി പണം നല്‍കിയ സംഭവം ജനങ്ങളിലുള്ള വൈകാരികത എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്. ആ പണം അയച്ചയാള്‍ വെറുമൊരു ബീഡി തൊഴിലാളിയാണ്. ഈ സമ്പാദ്യം മുഴുവന്‍ നല്‍കിയാല്‍ പിന്നീട് ഒരു ആവശ്യത്തിന് എന്ത് ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാല്‍ തനിക്കൊരു ജോലിയുണ്ടെന്നും, ഭിന്നശേഷിക്കാരുടെ പെന്‍ഷനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രൊഫസറായ പ്രേംകുമാര്‍ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.
തോമസ് ഐസക് ബീഡി തൊഴിലാളിക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ബാങ്കിലെത്തിയ ഈ വയോധികന്‍ പാസ് ബുക്ക് നല്‍കി അക്കൗണ്ടിലെ ബാലന്‍സ് ചോദിച്ചു. രണ്ട് ലക്ഷത്തിന് മുകളില്‍ രൂപയുണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ വാങ്ങുന്നതിനായി നല്‍കണമെന്നായിരുന്നു ആവശ്യം. ഇയാളുടെ ശാരീരിക ബുദ്ധിമുട്ടുകളും അവശതയുമെല്ലാം കണ്ടാണ് ബാങ്ക് ഉദ്യോഗസ്ഥന്‍ അത് വേണമോയെന്ന് ചോദിച്ചത്. തനിക്ക് ജീവിക്കാനുള്ള വരുമാനം കിട്ടുന്നുണ്ടെന്ന ഇയാളുടെ മറുപടി ബാങ്ക് ജീവനക്കാരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.
Post Your Comments