മുക്കം: കടുത്ത വേനൽ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വേനല്‍ അധികരിച്ചതോടെ ദൈനം ദിന ആവശ്യങ്ങള്‍ക്കായി പുഴയെ ആശ്രയിക്കേണ്ടിവരുന്ന പുഴയോര വാസികളുടെ ദുരിതത്തിന് അറുതിയില്ലാതെ ഇരുവഴിഞ്ഞിപുഴയില്‍ വീണ്ടും
നീര്‍നായയുടെ ആക്രമണം. അലക്കാനും കുളിക്കാനും പുഴയിലിറങ്ങേണ്ടി വരുന്നവര്‍ക്ക് നേരെ നീര്‍നായ ആക്രമണം തുടരുന്നതോടെ ഒരു പ്രദേശത്തുകാര്‍ ഒന്നടങ്കം പൊറുതിമുട്ടിയിരിക്കുകയാണ്.
Also Read:‘എങ്ങനെയെങ്കിലും ഒഴിവാക്കി തരൂ’; വീണ എസ് നായരുടെ പോസ്റ്റര്‍ വിവാദത്തില്‍ വെട്ടിലായി ആക്രികടക്കാരൻ
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരില്‍ അഞ്ച് പേര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. ഇന്നലെ കുന്നത്ത് കടവില്‍ അലക്കാനിറങ്ങിയ കുന്നത്ത് അബ്ദു റഹീമിന്റെ ഭാര്യ ഖദീജ നീര്‍നായ കടിയേറ്റ് ചെറുവാടി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. കഴിഞ്ഞ ദിവസങ്ങളില്‍ കുന്നത്ത് അബ്ദു, പുറമണ്ണില്‍ അബ്ദു റഹിമാന്റെ ഭാര്യ ഫാതിമ, കുന്നത്ത് മുഹമ്മദ് യാസിര്‍, തൊട്ടിമ്മല്‍ മുജീബ് എന്നിവര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരുക്കേറ്റത്. എന്നാല്‍ അധികൃതരില്‍ പരാതിപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണാത്ത അവസ്ഥയാണെന്ന് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശി കുന്നത്ത് റഹീം പറഞ്ഞു.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം വനം വകുപ്പ് ആര്‍ആര്‍ടി സംഘം പുഴയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. എസ് വൈഎസ് വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റ് കമ്മറ്റിയും നീര്‍നായ ശല്ല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും വാര്‍ഡ് അംഗത്തിനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ പുഴയിലിറങ്ങുന്നത് കുറക്കണമെന്ന നിര്‍ദ്ദേശം നല്‍കുക മാത്രമാണുണ്ടായത്.കിണറുകളിലും തോടുകളിലും വെള്ളം വറ്റി തുടങ്ങിയ ഈ കടുത്ത വേനലില്‍ അലക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണ്.
Post Your Comments