KeralaLatest NewsNews

ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എല്‍ഡിഎഫ്

തൃശൂര്‍ : ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ. കെ.ബി. സുമേഷ് ആണ് പരാതി നല്‍കിയത്.

Read Also : പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ഐഐഎസ്സിന്റെ ശാസ്ത്രീയപഠനം : രമേശ് ചെന്നിത്തല

തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ എത്തിയ വേളയില്‍ വോട്ടര്‍മാര്‍ക്ക് സുരേഷ് ഗോപി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച്‌ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

സുരേഷ് ഗോപി തന്റെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരുമെന്നും സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ കൈയില്‍ നിന്നും പണം ചെലവഴിച്ചായാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണെന്നും ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണമെന്നും അഡ്വ. കെ.ബി. സുമേഷ് തന്റെ പരാതിയില്‍ പറയുന്നു. എം.പി എന്ന നിലയില്‍ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button