തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തൃശൂർ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍.ഡി.എഫ് തൃശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.ബി. സുമേഷാണ് പരാതിയുമായി കമീഷനെ സമീപ്പിച്ചത്.
കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയ സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എം.പിയായ അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എല്‍.ഡി.എഫ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ വീട്ടില്‍നിന്ന് പണം കൊണ്ടുവന്നായാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണ്. ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എം.പി എന്ന നിലയില്‍ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം,വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാര്‍ത്ഥം നഗരത്തിലും ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും, നിലവില്‍ രാജ്യസഭ എം.പി എന്ന പദവിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം പരാജയഭീതിയില്‍ പരാതികൾ നൽകി ജനസേവനനത്തിനുള്ള അവസരം നിഷേധിക്കാനുള്ള പുറപ്പാടാണ് എൽ.ഡി.എഫിന്റേത് എന്നാണ് ജനസംസാരം.
Post Your Comments