
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകൾ ഉള്ളതായി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. പ്രതിപക്ഷ നേതാവിൻ്റെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പുരിന്തറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് അമ്മയ്ക്ക് ഇരട്ട വോട്ട് ഉണ്ടായതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് വിഷയത്തോട് പ്രതികരിച്ചത്.
നേരത്തെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്പുരിന്തറ പഞ്ചായത്തിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തന്റെ കുടുംബാംഗങ്ങളുടെ വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയത്. ചെന്നിത്തല അടക്കമുള്ളവരുടെ പേര് വെട്ടിയെങ്കിലും ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയുടെ പേര് മാത്രം വെട്ടിയില്ല. ഇവർക്ക് ഇപ്പോൾ രണ്ടിടത്തും വോട്ടുണ്ട്.
ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫിനുള്ളിലും ഇരട്ട വോട്ട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments