ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 337 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 114 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 108 റൺസെടുത്തു. മോശം ഫോമിന്റെ പേരിൽ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് രാഹുലിന്റെ സെഞ്ച്വറി.
37 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ശിഖർ ധവാന്റെയും രോഹിത് ശർമയുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടിലെത്തിയ കോഹ്ലി രാഹുൽ സഖ്യം 121 റൺസെടുത്ത് ഇന്ത്യയെ കരകയറ്റി. 79 പന്തിൽ നിന്ന് ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 66 റൺസെടുത്ത കോഹ്‌ലിയെ ആദിൽ റഷീദ് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച പന്തും രാഹുലും കൂടി വെടിക്കെട്ട് ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 113 റൺസാണ് അടിച്ചുകൂട്ടിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 31 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തിട്ടുണ്ട്.
Post Your Comments