
പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത ഹരീഷയ്യ എന്ന ബാലന്‍ ആശുപത്രിയില്‍ മരിച്ചു. കടയുടമയുടെയും കുടുംബത്തിന്റെയും കൊടുംക്രൂരതയ്ക്ക് ഇരയായ കുട്ടി ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ഒടുവിലാണ് മരണം വരിച്ചത്. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം നടന്നിരിക്കുന്നത്. കടയിൽ പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു ആരോപിച്ച് കടയുടമ കുട്ടിയെ ശിക്ഷിക്കുക ആയിരുന്നു. തലങ്ങും വിലങ്ങും തല്ലി കൊതി തീര്‍ത്ത ശേഷം കുട്ടിയുടെ മുതുകില്‍ കല്ല് കെട്ടിവച്ചു. സമീപത്തു വീടു നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തിയ ശേഷം മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവക്കുക ആയിരുന്നു. തുടർന്നു ചികിത്സയിലായി.
Also Read:രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു ; വാക്സിന് കയറ്റുമതി നിർത്തിവച്ച് ഇന്ത്യ
ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു കൊടും ക്രൂരത പുറത്തറിഞ്ഞത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയെ അന്വേഷിച്ചെത്തിയ കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ ‘അവന്‍ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോള്‍ അവരെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്.
തീരെ അവശനായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഇപ്പോൾ ഒളിവിൽ കഴിയുകയാണ്.
Post Your Comments