Latest NewsKeralaNews

‘ഞങ്ങളുടെ നാട്ടിൽ പുതിയാപ്പിളമാര്‍ വീട്ടിലേക്ക് വരുമ്പോള്‍ കാല് കഴുകാന്‍ വെള്ളമൊഴിക്കും’; അബ്ദുള്ളക്കുട്ടി

ലോകം മുഴുവനും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നവര്‍, ഷെയ്ക്ക് ഹാന്റ് കൊടുത്തിരുന്നവര്‍ എല്ലാം കൊറോണ വന്നപ്പോള്‍ നമസ്‌തേ പറയാന്‍ തുടങ്ങിയില്ലേ.

കാലുകഴുകൽ വിവാദത്തിന് മറുപടിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ കാലു കഴുകി വോട്ടര്‍മാര്‍ സ്വീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ചാണ് എപി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്. കാല് കഴുകുന്നത് ചിലയിടങ്ങളിലെ ആചാരവും ശീലവും ആണെന്നും വിവാദമാക്കേണ്ട വിഷയമല്ലെന്നും അബ്ദുള്ളക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കണ്ണൂരില്‍ ഈ രീതിയുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ ഞങ്ങളുടെ കണ്ണൂരൊക്കെ പുതിയാപ്പിളമാര്‍ വീട്ടിലേക്ക് വരുമ്പോള്‍ അളിയന്‍മാര്‍ കാല് കഴുകാന്‍ വെള്ളമൊഴിച്ചു കൊടുക്കും. അത് മലപ്പുറത്ത് ഉണ്ടോ എന്ന് എനിക്കറിഞ്ഞൂട,’ അബ്ദുള്ളക്കുട്ടി പറഞ്ഞു. കാലുതൊട്ട് വന്ദിക്കലും ബഹുമാനിക്കലും എല്ലാം നമ്മുടെ ഒരു ആചാര രീതികളാണ്. ലോകം മുഴുവനും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നവര്‍, ഷെയ്ക്ക് ഹാന്റ് കൊടുത്തിരുന്നവര്‍ എല്ലാം കൊറോണ വന്നപ്പോള്‍ നമസ്‌തേ പറയാന്‍ തുടങ്ങിയില്ലേ. അതുപോലെ നമുക്കിതിനെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യാം. വിവാദമാക്കേണ്ട വിഷയമല്ല. ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള മഹാപ്രതിഭയാണ്. ടെക്‌നോക്രാറ്റാണ്. നമ്മുടെ നാട്ടില്‍ തങ്ങന്‍മാരെ കണ്ടാല്‍ കൈ പിടിച്ച് മുത്തം കൊടുക്കുന്ന ആളുകളുണ്ട്. അതുപോലെ കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read Also: ‘എനിക്കു മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ..കടകംപള്ളി ഖേദം പ്രകടിപ്പിച്ചത്​ എന്തിനാ..’; പിണറായി വിജയന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി സ്വച്ച് ഭാരതിന്റെ ഭാഗമായി ഗുജറാത്തിലെ മുന്‍സിപ്പാലിറ്റി ജീവനക്കാരുടെ കാല് കഴുകി തുടച്ചു കൊടുക്കുന്ന ചിത്രം നമ്മുടെ മുമ്പിലുണ്ട്. അപ്പോള്‍ അത് പോലെ ഇതിനെ പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാലയിട്ട് സ്വീകരിക്കപ്പെട്ട ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടര്‍ സ്വീകരിച്ചത്. ഒരാള്‍ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button