തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. ദിവസങ്ങള്‍ മാത്രമാണ് മുന്നിൽ ഉള്ളത്. ഇപ്പോഴിതാ കേരളത്തിലെ അസാധാരണമായ മദ്യ ഉപഭോഗവും വില്‍പ്പനയും തടയാന്‍ പുതിയ തീരുമാനവുമായി അധികൃതര്‍.
തെരഞ്ഞെടുപ്പ് കാലത്ത് മദ്യത്തിന്റെ ഉപഭോഗവും വില്‍പനയും സാധാരണയെക്കാള്‍ 30 ശതമാനത്തിലധികം നടക്കുമെന്നുള്ള സ്ഥലങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. വോട്ടിനു വേണ്ടി പ്രവർത്തകരെ സ്വാധീനിക്കാൻ മദ്യം നല്‍കുന്ന പ്രവണതയുണ്ടെന്ന ഇന്റലിജന്‍സ് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇത്തരം സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി കേസെടുക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ നിര്‍ദേശിച്ചു.
മുഴുവന്‍ മദ്യവില്‍പനശാലകളിലെയും ദിവസ വില്‍പനയെക്കുറിച്ചും എക്‌സൈസ് ഇന്റലിജന്‍സ് സംഘങ്ങള്‍ കമ്മീഷനു റിപ്പോര്‍ട്ടു നല്‍കും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രത്യേക നീരിക്ഷണത്തിനും വോട്ടെടുപ്പ് കഴിയുന്നതുവരെ അതീവജാഗ്രത പുലര്‍ത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തേക്കു കൂടുതല്‍ സ്പിരിറ്റ് കടത്ത് നടക്കുന്ന പാലക്കാട് വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം ചെക്‌പോസ്റ്റുകളും 50 ഊടുവഴികളിലും കൂടുതല്‍ സേനാംഗങ്ങളെ നിയമിക്കും. ഒരാള്‍ക്ക് 3 ലിറ്റര്‍ മദ്യത്തിലധികം നല്‍കുന്ന ബവ്‌റിജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയ്‌ക്കെതിരെ കേസെടുക്കും.
Post Your Comments