തൃശൂര്‍ : പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇക്കുറി മത്സരം കൊട്ടിക്കയറും. ബി.ജെ.പിയിലെ ശക്തനായ, ജനങ്ങളുടെ പ്രിയനേതാവായ സുരേഷ് ഗോപിയാണ് ഇത്തവണ സ്ഥാനാര്‍ത്ഥി. സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ ഇത് കന്നിയങ്കമല്ല, 2019 ല്‍ ബി.ജെ.പിയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. വിജയിച്ചില്ലെങ്കിലും വോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി. ഇത്തവണ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ടായിരുന്നുവെങ്കിലും സുരേഷ് ഗോപിക്കു മത്സരിക്കാന്‍ വിമുഖതയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതെല്ലാം വെറും കെട്ടുക്കഥകളാണെന്ന് തെളിയിച്ചാണ് തൃശൂരില്‍ സുരേഷ് ഗോപിയുടെ ലാന്‍ഡിംഗ്.
തൃശൂരിലെ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇന്ന്
പത്രിക സമര്‍പ്പിച്ചത്. ഇനി 24-ന് സുരേഷ് ഗോപി തൃശൂരിലെത്തിയേക്കും. ഇതോടെ തൃശൂരില്‍ കളം കടുക്കുകയാണ്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ക്രൈസ്തവ സഭയുടെ വോട്ടും ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരിക്കാന്‍ എത്തുന്നതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മത്സരം കടുക്കും.
വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വോട്ട് വര്‍ദ്ധനവിനൊപ്പം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
നഗരത്തില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പോസ്റ്ററുകള്‍ പതിച്ചുതുടങ്ങി. മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തെങ്കിലും കേന്ദ്രനേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേരുചേര്‍ത്തതോടെ സുരേഷ് ഗോപിക്ക് വഴങ്ങാതെ നിവൃത്തിയില്ലെന്നായി. അടുത്തതവണ ലോക്‌സഭയിലേക്കു മത്സരിക്കാമെന്നും ഇത്തവണ ഒഴിവാക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാല്‍, താരപരിവേഷമില്ലാത്ത പട്ടിക പ്രഖ്യാപിക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. ഇതോടെയാണ് സുരേഷ് ഗോപി മത്സരിക്കാന്‍ എത്തിയത്.
Post Your Comments