ചുവരെഴുത്തുകളും, അനൗണ്‍സ്മെന്റ് വാഹനങ്ങളും, നോട്ടീസുകളും കയ്യടക്കിയിരുന്ന കാലങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാർഗ്ഗങ്ങൾ പതിയെ സോഷ്യൽ മീഡിയകൾ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങൾ കാരണം വീടുകള്‍ കയറി വോട്ട് ചോദിക്കുന്നതിനും, പ്രചാരണത്തിനും നിയന്ത്രണമുണ്ടായി. ഇതോടെയാണ് വോട്ടര്‍മാരെ സാമൂഹ മാധ്യമങ്ങളിലൂടെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്കരിച്ചത്.
സമൂഹമാധ്യമങ്ങളായ വാട്സ്ആപ്പും, ഫേസ്ബുക്കും പാർട്ടികളുടെ മുഖ്യപ്രചാരണ ഉപാധികളായി മാറി. നിയമസഭ തെരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയ പ്രചാരണ രീതി തന്നെ പിന്തുടരുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും. തങ്ങളുടെ ആശയങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനും, സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താനും, മറ്റ് പ്രചാരണ പരിപാടികൾക്കും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സൈബർ വാര് റൂമുകള്‍ എന്ന സോഷ്യൽ മീഡിയ ഇടങ്ങൾ തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. അതാത് പാര്‍ട്ടി നേതാക്കള്‍ക്ക് തന്നെയാണ് സൈബര്‍ വാര്‍റൂമിനെ നിരീക്ഷണ ചുമതല.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന സോഷ്യൽ മീഡിയ സംഘങ്ങളെ വിപുലീകരിച്ചാണ് പ്രചാരണം ശക്തമാക്കുന്നത്. സൈബര്‍ ടീമുകള്‍ തയാറാക്കുന്ന ആശയങ്ങള്‍ പ്രത്യേക സംഘങ്ങള്‍ വഴി വോട്ടര്മാരിലേക്കെത്തുകയാണ് വാര് റൂമുകളുടെ ലക്ഷ്യം. നേതാക്കളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, വ്യക്തമായ പ്ലാനിങ്ങോടെ തയാറാക്കുന്ന ആശയങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് സൈബർ വാര് റൂമുകളിലെ അംഗങ്ങൾ തീരുമാനിക്കും. പാർട്ടി പ്രവർത്തകർ ആശയത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് വാര് റൂമുകള്‍ക്ക് കൈമാറും.
തയ്യാറാക്കിയ പ്രചാരണ ആശയങ്ങൾ ആവശ്യമായ സൈബര്‍ പോരാളികളെ നിരത്തി ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യും. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി ട്രോളുകളും തയാറാക്കുക, സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വരുമ്പോൾ ഇവരെ പരിചയപ്പെടുത്തുന്നത്തിനായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയും സൈബർ വാർ റൂമുകളുടെ ജോലിയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഡിജിറ്റല്‍ പ്രചാരണത്തിനു പുറമെ ഫേസ്ബുക്ക്, വാട്സ് അപ് കൂട്ടായ്മകള്‍ സജീവമാക്കുക, സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ അവലോകനം ചെയ്യുകയും, നേരിട്ട് ആളുകളിലേക്ക് എത്തിക്കുകയും ചെയ്യു എന്നിവയോടൊപ്പം എതിർ സ്ഥാനാർത്ഥിയുടെ ആശയങ്ങക്കെതിരെ ട്രോളുകൾ നിർമ്മിക്കുക, വസ്തുതകൾ നിരത്തി പ്രചാരണ മാർഗങ്ങളുടെ മുനയൊടിക്കുക തുടങ്ങിയവയും സൈബർ വാർ റൂമുകളുടെ നിയന്ത്രണത്തിൽ വരുന്നു.
Post Your Comments