
പാലക്കാട്: മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്നാണ് ശ്രീധരന്റെ വാഗ്ദാനം. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്ന് പറയുന്ന ശ്രീധരന്‍ രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. തന്റെ പ്രായകൂടുതല്‍ അനുഭവസമ്പത്താവുമെന്നും പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. നേമത്ത് കുമ്മനം രാജശേഖരന്‍, കോന്നിയില്‍ കെ സുരേന്ദ്രന്‍, കാട്ടാക്കടയില്‍ പി കെ കൃഷ്‌ണദാസ്, തിരുവനന്തപുരം സെന്‍ട്രലിലോ വട്ടിയൂര്‍ക്കാവിലോ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാദ്ധ്യത.
കഴക്കൂട്ടത്ത് വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണോ എന്നതില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. കോണ്‍ഗ്രസിന്റെ കൂടി സ്ഥാനാര്‍ത്ഥികളെ നോക്കിയാകും പട്ടികയിലെ അവസാന നിമിഷത്തെ മിനുക്കുപണികള്‍ എന്നാണ് സൂചന.
കഴിഞ്ഞ തവണ നൂറിൽ താഴെ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഒറ്റപ്പേരിലേക്ക് എത്താന്‍ സംസ്ഥാന ഘടകത്തിന് ആയിട്ടില്ലെന്നാണ് സൂചന. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക. ഇന്ന് അന്തിമരൂപമാകുമെങ്കിലും നാളെയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുളളൂ.
Post Your Comments