KeralaLatest NewsNews

കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്ന മുന്നറിയിപ്പുമായി കോടിയേരി

കോണ്‍ഗ്രസില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയണം

തിരുവനന്തപുരം : കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നൽകി സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ‘വഴികൾ’ ചൂണ്ടിക്കാണിച്ചായിരുന്നു കോടിയേരിയുടെ നിരീക്ഷണം. രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ചിട്ടോ കടലില്‍ ചാടിയിട്ടോ ഒരു കാര്യവുമില്ല, അണികള്‍ ബി.ജെ.പിയിലേയ്ക്ക് പോകുന്നത് തടയണം. ഇല്ലെങ്കില്‍ കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്നാണ് കോടിയേരി പറയുന്നത്. 35 സീറ്റുകളില്‍ ജയിച്ചാല്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നുളള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് കോടിയേരിയുടെ പ്രസ്താവന.

കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് എത്തിച്ച് ഭരണം പിടിക്കും എന്നാണ് സുരേന്ദ്രന്‍ പറയുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

Read Also : നിയമസഭയിലെ കൈയ്യാങ്കളി; സർക്കാരിന് തിരിച്ചടി, പരാതി പിൻവലിക്കാനില്ലെന്ന് ഹൈക്കോടതി, ജലീലും ജയരാജനും വിചാരണ നേരിടണം

” കേരളത്തില്‍ സ. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ഇല്ലാതാക്കണമെന്നത് ആര്‍.എസ്.എസ് തന്ത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ യാതൊരു പ്രതിരോധങ്ങളുമില്ല. അതിനാല്‍ യു.ഡി.എഫ് കേരളം ഭരിക്കുന്നതിന് ആര്‍.എസ്.എസ് എതിരല്ല. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. മറ്റിടങ്ങളില്‍ ജയിച്ച കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് കൊണ്ടു വരുമെന്നാണ് സുരേന്ദ്രന്‍ ഇതിലൂടെ പ്രഖ്യാപിച്ചത്” കോടിയേരി ചൂണ്ടിക്കാട്ടി.

‘കര്‍ണാടകത്തില്‍ ജയിച്ചത് കോണ്‍ഗ്രസായിരുന്നു, എന്നാലിപ്പോള്‍ ഭരിക്കുന്നത് ബിജെപി. ഗോവയില്‍ കോണ്‍ഗ്രസിന് ഭരിക്കാമായിരുന്നു, എന്നാല്‍ കോണ്‍ഗ്രസുകാരെ ബി.ജെ.പിയാക്കി ഭരണം പിടിച്ചു. മണിപ്പൂരിലും അരുണാചലിലും ഇത് തന്നെ സംഭവിച്ചു. ഈ അനുഭവം വെച്ചാണ് ബി.ജെ.പിക്കാര്‍ മന:പ്പായസം ഉണ്ണുന്നത്. ഏറ്റവുമൊടുവില്‍ പോണ്ടിച്ചേരിയില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക് മാറിയപ്പോള്‍ ഭരണം തന്നെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. വയനാട്ടില്‍ ട്രാക്ടര്‍ ഓടിച്ചാല്‍ പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസുകാരെ പിടിച്ചുനിര്‍ത്താനാകുമോ. കടലില്‍ ചാടിയിട്ടാണോ രാഹുല്‍ ഗാന്ധി ബി.ജെ.പിയെ തുരത്തുക?’ കോടിയേരി ചോദിച്ചു.

”600 രൂപയുടെ പെന്‍ഷന്‍ 1600 ആയിരിക്കുന്നു. പല ജനക്ഷേമ പദ്ധതികളും ആരംഭിച്ചിരിക്കുന്നു. ഇടതുപക്ഷം ചെയ്തതൊക്കെ ഇല്ലാതാക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. പ്രഖ്യാപിച്ച 600 രൂപ കുടിശികയാക്കിയവര്‍ 2000 പെന്‍ഷന്‍ കൊടുക്കാമെന്നാണ് പറയുന്നത്. ഇതൊക്കെ ജനം വിശ്വസിക്കുമോ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. അതിനായി ഓരോ ഇടതുപക്ഷ അനുഭാവിയും പ്രയത്‌നിക്കണം” എന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button