നാഗ്പൂര്‍ : കോവിഡ് രോഗികള്‍ക്കായി എംജിയുടെ ഹെക്ടറുകള്‍ ആംബുലന്‍സായി രൂപമാറ്റം നടത്തി. എം.ജിയുടെ ഹാലോല്‍ പ്ലാന്റില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അഞ്ച് ആംബുലന്‍സുകള്‍ നാഗ്പൂരിലെ നംഗ്യ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് കൈമാറി. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ എം.ജി മോട്ടോഴ്‌സിന്റെ എം.ജി സേവയുടെ ഭാഗമായാണ് ഹെക്ടറുകളെ രൂപമാറ്റം നടത്തി ആംബുലന്‍സാക്കിയത്.
എം.ജി മോട്ടോഴ്‌സ് നല്‍കിയ ആംബുലന്‍സ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ നഗരത്തിലെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. നാഗ്പൂരിലുള്ള കോവിഡ് രോഗികള്‍ക്ക് മാത്രമായാണ് ഈ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതെന്ന് എം.ജി മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഫൈവ് പാരാമീറ്റര്‍ മോണിറ്റര്‍, ഓട്ടോ ലോഡിങ്ങ് സ്‌ട്രെച്ചര്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സപ്ലൈ സിസ്റ്റം, ഇന്‍വേര്‍ട്ടര്‍, അഡീഷണല്‍ സോക്കറ്റ്, സൈറന്‍, ലൈറ്റ്ബാര്‍, ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ എന്നിവയാണ് എം.ജി ആബുലന്‍സില്‍ ഒരുക്കിയിട്ടുള്ളത്.
നാഗ്പൂരില്‍ കോവിഡ്-19 മഹാമാരി ഉയര്‍ന്ന് വരുന്ന പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിചരണം ഉറപ്പാക്കുന്നതിനായാണ് എം.ജി മോട്ടോഴ്‌സിന്റെ ഏറ്റവും മികച്ച ആംബുലന്‍സുകള്‍ നല്‍കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. വഡോദരയിലേയും ഹാലോലിലേയും ആശുപത്രികള്‍ക്ക് എം.ജി മുമ്പ് ആംബുലന്‍സ് നല്‍കിയിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി എം.ജി മോട്ടോഴ്‌സ് 100 ഹെക്ടറുകള്‍ വിട്ടു നല്‍കിയിരുന്നു.
Post Your Comments