
റാന്നി : കീക്കൊഴൂരിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി. ആൾത്താമസമില്ലാത്ത ഒരു വീടിന്റെ ഭിത്തിക്കും മറ്റൊരു വീടിന്റെ സേഫ്റ്റി ടാങ്കിനും ആന നാശംവരുത്തി. ആനപ്പാപ്പാനും തടിവെട്ടുകാരനും തമ്മിലുണ്ടായ കയ്യാങ്കളി കണ്ട് പേടിച്ചോടിയതായിരുന്നു ആന. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.
കീക്കൊഴൂർ എൻ.എം.യു.പി.സ്കൂളിന് സമീപമുള്ള വീട്ടിൽനിന്ന് തടിപിടിക്കാനാണ് ആനയെ കൊണ്ടുവന്നത്. ഇതിനിടയിൽ തടി വെട്ടാനെത്തിയ ആളും ആനപ്പാപ്പാനും തമ്മിൽ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തിയപ്പോൾ ആന ഭയന്നോടുകയായിരുന്നു. ഓട്ടത്തിനിടയിലാണ് വീടുകൾക്ക് നാശമുണ്ടാക്കിയത്.
ആൾത്താമസമില്ലാത്ത ചള്ളയ്ക്കൽ റോഷന്റെ വീടിന്റെ ഭിത്തിക്കാണ് നാശമുണ്ടാക്കിയത്. ഇവാഞ്ജലിക്കൽ പള്ളിവരെ എത്തിയ ആനയെ 12 മണിയോടെയാണ് തളച്ചത്.
Post Your Comments