കോട്ടയം : കേരളത്തില്‍ നടക്കുന്നത് വാചകമടി വികസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം മാത്രമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ കാര്യം വന്നപ്പോള്‍ മലയാളത്തില്‍ സംസാരിച്ചു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതിലിലൂടെ നിയമിച്ചവരെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. പൗരത്വ ബില്‍, ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ടു സമരങ്ങളിലേയും കേസുകള്‍ പിന്‍വലിക്കും. ഒപ്പം കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments