ജയ്‌പൂർ: രാജ്യതലസ്ഥാനം ഉള്‍പ്പെടെ വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളെയും വിറപ്പിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. തജാകിസ്ഥാനിലുണ്ടായ റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് ഇന്ത്യയുടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പിടിച്ചുലച്ചത്. സെക്കന്‍ഡുകള്‍ നീണ്ട ഭൂചലനം ന്യൂഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍ ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.
ആളുകളെ പ്രാണഭീതിയിലാക്കിയ ഭൂചലനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ഒരു ലൈവ് സംവാദ പരിപാടിയ്ക്കിടെയാണ് ഭൂചലനം ഉണ്ടാകുന്നത്. സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുല്‍ ഗാന്ധി, ‘ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവന്‍ കുലുങ്ങുന്നു’ എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു.
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുമായി ആയിരുന്നു രാഹുലിന്‍റെ സംവാദം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജസ്ഥാനിലെത്തിയ അദ്ദേഹം ഇവിടെ നിന്നായിരുന്നു ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കു ചേര്‍ന്നത്. ഭൂചലനത്തെക്കുറിച്ച് രാഹുല്‍ പറയുന്നത് കേട്ട് മറ്റുള്ളവര്‍ അമ്പരക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് സ്വതസിദ്ധമായ രീതിയില്‍ ഒന്നും സംഭാവിക്കാത്തത് പോലെ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.
Post Your Comments