തിരുവനന്തപുരം: ബി ജെ പി ദേശീയ തലത്തിലും കേന്ദ്ര മന്ത്രിസഭയിലും ഈ മാസം അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. എന്നാൽ രണ്ടിടത്തേക്കും കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയിലും മന്ത്രിസഭയിലും കൂടുതല്‍ പരിഗണനയെന്നത് ബി ജെ പിയുടെ പതിവ് രീതിയാണ്. ഇതാണ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യം.
വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍ തുടരാനും ഒരാള്‍ കൂടി മന്ത്രിസഭയിലേക്ക് എത്താനും സാദ്ധ്യതയെന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ പ്രധാനമായും പറഞ്ഞു കേള്‍ക്കുന്നത് മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്റെയും പി കെ കൃഷ്‌ണദാസിന്റെയും പേരുകളാണ്. മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളളയുടെ പേരും സമീപദിവസങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. പക്ഷേ കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സന്തുലിതാവസ്ഥ വരണമെങ്കില്‍ പി കെ കൃഷ്‌ണദാസിനും കുമ്മനം രാജശേഖരനും അര്‍ഹമായ പരിഗണന നല്‍കി സ്ഥാനക്കയറ്റം നല്‍കണമെന്ന നിര്‍ദേശം ബി ജെ പി നേതൃത്വത്തെ ആര്‍ എസ് എസ് അറിയിച്ചിട്ടുണ്ട്.
Read Also: ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫ്; മെയില്‍ മതിയെന്ന് ബിജെപി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്‌പ്പിച്ച് കൊണ്ടുവന്ന കുമ്മനത്തിന് പ്രവര്‍ത്തനമേഖലയില്‍ സ്ഥാനം കൊടുക്കേണ്ടതുണ്ട്. സാധാരണ, ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കാലാവധി കഴിഞ്ഞെത്തുന്നവര്‍ക്കു മറ്റു പാര്‍ട്ടി സ്ഥാനങ്ങള്‍ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞിട്ട് ഇടയ്ക്ക് രാജിവച്ചതാണെന്നതിനാല്‍ കുമ്മനത്തിന് ബി ജെ പി അര്‍ഹമായ പദവി നല്‍കുമെന്നാണ് വിവരം. ആദ്യം ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റു പരിഗണനയെന്നതാവും കുമ്മനത്തിന്റെ കാര്യത്തിലുണ്ടാവുകയെന്നാണ് വിവരം.
അദ്ധ്യാപക ജോലി ഉപേക്ഷിച്ച് പതിറ്റാണ്ടുകളായി ബി ജെ പിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് വന്ന പി കെ കൃഷ്‌ണദാസും ആര്‍ എസ് എസിന്റെ
പട്ടികയിലെ ആദ്യ പേരുകാരനാണ്. ദേശീയ നിര്‍വാഹക സമിതി സ്ഥാനത്ത് നിലനിര്‍ത്തുക, വീണ്ടും ഏതെങ്കിലും സംസ്ഥാന ചുമതലയുമായി പ്രഭാരിയായി വിടുക, കേന്ദ്രമന്ത്രി സഭയില്‍ എത്തിക്കുക എന്നിങ്ങനെയുള്ള സാദ്ധ്യതകളാണ് കൃഷ്‌ണദാസിനുളളത്. ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം.
Post Your Comments