മലപ്പുറം : അക്കൗണ്ടുകള്‍ ഓണ്‍ലൈനിലൂടെ ഹാക്ക് ചെയ്ത് പണം തട്ടല്‍ പതിവാക്കിയ പ്രമുഖ ഗ്രൂപ്പിന്റെ അഡ്മിന്‍ പിടിയില്‍. ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിന്റെ അഡ്മിനായ മഹാരാഷ്ട്ര നന്ദേദ് സ്വദേശിയായ ഓംകാര്‍ സഞ്ചയ് ചതര്‍വാഡ് (20) ആണ് പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയുടെ പരാതിയില്‍ മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്നാണ് പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.
ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടി വരികയായിരുന്നു ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പ്. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിലാണ് അഡ്മിനെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ നേരിട്ട് ബന്ധമുള്ള താനെ സ്വദേശി ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈ സ്വദേശി ക്രിസ്റ്റഫര്‍ (20) എന്നിവരെ കഴിഞ്ഞ നവംമ്പറില്‍ മഞ്ചേരി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു.
ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിങ് നടത്തി വന്നിരുന്നത്. ഹാക്കിങ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാനായി ഇവര്‍ ക്രിയേറ്റ് ചെയ്ത ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിനായി പോലീസ് സംഘം കഴിഞ്ഞ ഒരു മാസത്തോളമായി മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസിച്ചു വരികയായിരുന്നു. ഹാക്കിങിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്.
Post Your Comments