ന്യൂഡല്‍ഹി : മുന്‍ കരസേനാ മേധാവി കെ എസ് തിമ്മയ്യയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള മടിക്കേരിയിലുള്ള ജനറല്‍ തിമ്മയ്യയുടെ വസതി നവീകരിച്ചാണ് മ്യൂസിയമാക്കി മാറ്റിയത്. 1957 മുതല്‍ 61 വരെ അദ്ദേഹം കരസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒരു ഇന്‍ഫാന്‍ട്രി ബ്രിഗേഡിനെ നയിച്ച ഏക ഇന്ത്യാക്കാരനാണ് തിമ്മയ്യ.
ഇന്ത്യ ചൈന യുദ്ധത്തിന് മുന്‍പ് വരെ കരസേനയെ നയിച്ച സൈനിക മേധാവിയായിരുന്നു കെ എസ് തിമ്മയ്യ. ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തെ കുറിച്ച് മ്യൂസിയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധ ടാങ്കും, തോക്കുകളും വെടിയുണ്ടകളും റൈഫിളുകളും മ്യൂസിയത്തില്‍ കാണാന്‍ കഴിയും. നേരത്തെ സൈന്യത്തിനുണ്ടായിരുന്ന മിഗ് 21 ഫൈറ്റര്‍ ജെറ്റ് വിമാനവും മ്യൂസിയത്തിലുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കുടകിന്റെ അഭിമാനമാണ് തിമ്മയ്യയെന്ന് മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മറ്റുള്ളവരെ പ്രചോദിപ്പിയ്ക്കുന്ന അദ്ദേഹത്തിന്റെ ജീവിത ഗാഥയെ കുറിച്ച് വിവരിയ്ക്കുക എന്നതാണ് മ്യൂസിയം സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments