
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും വഖഫ് നിയമ ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. അടുത്ത ആഴ്ച്ചയോടെ മാത്രമേ രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കൂ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാലതാമസം വരുത്താതെ രാഷ്ട്രപതി ഒപ്പ് വെച്ച് അംഗീകാരം നൽകുകയായിരുന്നു.
രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.1995ലെ വഖഫ് നിയമത്തിലാണ് കേന്ദസ്രർക്കാർ ഭേദഗതി വരുത്തിയത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു.
ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ല് പാസാകുകയായിരുന്നു.
Post Your Comments