ഈരാറ്റുപേട്ട: അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ തെക്കേക്കരയിലാണ് സംഭവം. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പൊലീസ് ലാത്തി വീശി. എസ്ഐക്കും പ്രദേശവാസിക്കും പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ സജീവിനും എസ്ഐ ജോസഫിനും പരുക്കേറ്റു. പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഒട്ടേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രദേശത്തുള്ള 2 കുടുംബങ്ങൾ തമ്മിൽ കുറച്ചു നാളായി തർക്കം നിലനിന്നിരുന്നു.പരാതി ലഭിച്ചതോടെ പൊലീസ് ഇന്നലെ രാവിലെ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞു തീർത്തു. എന്നാൽ, തിരികെ വീട്ടിലെത്തിയതിനു ശേഷവും അയൽക്കാരൻ വഴക്കുണ്ടാക്കുന്നതായി ആദ്യം പരാതി നൽകിയ ആൾ വീണ്ടും പൊലീസിൽ അറിയിച്ചു. ഇതെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് പ്രശ്നം ഉണ്ടാക്കിയ ആളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്.
Post Your Comments