തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.
പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കി മാറ്റി. എ.കെ.ജി. സെന്ററില്‍ നിയമനം നടത്തുന്നതുപോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.പിന്‍വാതിൽ നിയമന വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരുളളവര്‍ക്ക് നിയമനമില്ല. എന്നാല്‍ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പറഞ്ഞു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ നിയമനമുളളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചു.
എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ നിഷേധിച്ച മുഖ്യമന്ത്രി ഒന്നരലക്ഷം പേര്‍ക്ക് പി.എസ്.സി. നിയമനം വഴി ജോലി നല്‍കിയെന്ന് മറുപടി നല്‍കി. പത്തും ഇരുപതും വര്‍ഷം പിന്നിട്ട താല്കാലിക ജീവനക്കാരെയാണ് സ്ഥിരനിയമനം നടത്തുന്നതെന്നും ഇവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments