കൊച്ചി : ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് നൽകിയ സംഭവത്തിൽ പിന്തുണയുമായി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല ജനങ്ങളുടെ വകയാണ് പാലം എന്നും കെമാല്‍ പാഷ പറഞ്ഞു.
പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈകോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയില്‍ മണിക്കൂറുകള്‍ കിടന്ന് വീര്‍പ്പു മുട്ടിയാണ് ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും ജസ്റ്റിസ് ബി.കെമാല്‍ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മാണം പൂര്‍ത്തിയായിട്ടും തെരഞ്ഞെടുപ്പു വരുമ്പോഴേക്കുമുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചെന്നു പറഞ്ഞ് പാലം തുറന്നവര്‍ക്കെതിരെ കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ?.മുഖ്യമന്ത്രി വന്ന് പാലത്തില്‍ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? എം.എല്‍.എമാര്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കുമ്ബോള്‍ പേരെഴുതി വെക്കുന്നതാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓര്‍മിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതില്‍ ജനങ്ങള്‍ക്കു കയറാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
Post Your Comments