കൊച്ചി: ജനങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യമാണു ഹൈദരാബാദില്‍ പൊലീസ് ചെയ്തതെന്നും എന്നാൽ അത് യഥാർത്ഥ നീതിയല്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് ബി കെമാല്‍ പാഷ. ഹൈദരാബാദ് സംഭവത്തില്‍ സാധാരണക്കാരന്റെ മനഃശാസ്ത്രമാണു പ്രകടമായത്. പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനോട് പ്രതിയെ എന്തു ചെയ്യണമെന്നു ചോദിച്ചാല്‍, വെടിവച്ചു കൊല്ലണമെന്നാകും പറയുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതി അതാണ്. എന്നാല്‍, അതൊരു പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല. നീതി നിയമാനുസൃതമായിരിക്കണമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
കൂടത്തായി കൊലക്കേസ് നല്ല രീതിയിലാണു പൊലീസ് അന്വേഷിച്ചത്. പക്ഷേ, വാളയാര്‍ കേസു പോലെ മോശം അന്വേഷണം കണ്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായ രീതിയിലാണ് കേസിനെക്കുറിച്ചു പറഞ്ഞത്. അയാള്‍ വിവരമില്ലാത്തവനാണെന്നും അയാളെ സര്‍വീസില്‍ വച്ചുപുലര്‍ത്തരുതെന്നും ഞാന്‍ പറഞ്ഞുവെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും കെമാല്‍ പാഷ പറയുകയുണ്ടായി. പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മര്‍ദമാണ് തന്റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണു മനസ്സിലാക്കുന്നത്. പൊതുജനത്തിന്റെ പിന്തുണ തനിക്കുണ്ട്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ തരാമെന്നു പോലും പലരും വിളിച്ചു പറഞ്ഞു. ഇനി ദൂരയാത്രകള്‍ ഒഴിവാക്കേണ്ടി വരും. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments