റാഞ്ചി : വര്‍ഷങ്ങളായി ഉടമയില്‍ നിന്ന് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്ന ആനയ്ക്ക് അവസാനം മോചനം. ഝാര്‍ഖണ്ഡില്‍ എമ്മ എന്ന ആനയ്ക്കാണ് വര്‍ഷങ്ങളോളം ഉടമയില്‍ നിന്ന് പീഡനം ഏറ്റു വാങ്ങേണ്ടി വന്നത്. വര്‍ഷങ്ങള്‍ നീണ്ട പീഡനത്തെ തുടര്‍ന്ന് ആന അവശ നിലയിലാണ്. മുട്ടില്‍ വരുന്ന തേയ്മാനം അടക്കം ഗുരുതര രോഗങ്ങള്‍ പിടിപെട്ടതായും അധികൃതര്‍ വ്യക്തമാക്കി.
ആനയ്ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കിയിരുന്നില്ല. മധുര പലഹാരങ്ങളും വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് തീറ്റയായി നല്‍കിയത്. ഇത് ആനയുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു. കൂടാതെ മദ്യം നിര്‍ബന്ധിച്ച് കുടിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യം ആനയുടെ ദഹനപ്രക്രിയയെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പണത്തിന് വേണ്ടി പതിവായി ആനയെ ഉപയോഗിച്ച് ഉടമ ഭിക്ഷ യാചിച്ചതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അവശ നിലയില്‍ കണ്ടെത്തിയ 40 വയസ് പ്രായം വരുന്ന ആനയ്ക്ക് ഝാര്‍ഖണ്ഡ് വനംവകുപ്പിന്റെ ഇടപെടലിലൂടെയാണ് രക്ഷയായത്. ആന നിയന്ത്രണത്തില്‍ വരാനും ഭിക്ഷയെടുപ്പിക്കാനുമാണ് ഉടമ നിര്‍ബന്ധിച്ച് മദ്യം നല്‍കിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആനയെ 300 മൈലുകള്‍ക്ക് അപ്പുറം നടത്തിച്ച് പീഡിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. ആഗ്ര-മഥുര അതിര്‍ത്തിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനുള്ള തീരുമാനത്തിലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. സംഭവത്തില്‍ ആനയുടെ ഉടമയുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് നടപടി സ്വീകരിച്ചു.
Post Your Comments