KeralaLatest NewsArticleWriters' Corner

പിണറായി വിജയൻ പോലിസിനെ ഭരിക്കുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്; അല്ലാതെ ഇൻഷുറൻസ് കമ്പനിയുടെ മാനേജർ അല്ല

അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ആ ബാലൻ വിരൽ ചൂണ്ടുന്നത് പിണറായി വിജയൻ്റെ മുഖത്തേക്കാണ് എന്ന് പിണറായി ഭരണത്തിൽ അത്മരതിയടയുന്നവർ ഒന്നോർത്താൽ നന്നായിരിക്കും

പോലീസ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചപ്പോൾ തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത് രണ്ട് മനുഷ്യ ജീവനുകളാണ്. പോലീസിൻ്റെ ധൃതി സമ്മാനിച്ചത് രണ്ട് കുട്ടികൾക്ക് അനാഥത്വവും. നെയ്യാറ്റിൻകര ലക്ഷം നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി മരിക്കാൻ ഇടയായ സംഭവത്തിൽ നിന്നും പോലീസിനും സർക്കാറിനും ഒഴിഞ്ഞു മാറാനാവില്ല. ഡിസംബർ 22 ന് ഹൈക്കോടതി രാജൻ്റെ അപ്പീൽ പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസും അഭിഭാഷക കമ്മീഷനും ഇവരെ ഒഴിപ്പിക്കാൻ കോളനിയിലേക്ക് എത്തിയത്. ഒരു അര മണിക്കൂർ കാത്തിരിക്കണം എന്ന രാജൻ്റെ അപേക്ഷ ചെവിക്കൊള്ളാതെ പോലീസ് അമിതാവേശം കാണിക്കുകയായിരുന്നു. പോലീസിൻ്റെ അമിതാവേശത്തിന് നൽകേണ്ടി വന്നത് രണ്ട് മനുഷ്യ ജീവനുകളാണ്.

Also related: സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നും രാജനെ തഴഞ്ഞു; കിടപ്പാടമെന്ന സ്വപ്നം നടക്കാതെ വന്നത് ഇങ്ങനെ

അയൽവാസിയായ വസന്തയുടെ പരാതി പ്രകാരമുള്ള കോടതി വിധിയിലാണ് പോലീസ് വസ്തു ഒഴിപ്പിക്കാനായി കോളനിയിലെത്തിയത്. ഇവരെ പിന്തിരിപ്പിക്കാനായി രാജനും ഭാര്യയും ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. എന്നാൽ ഇതിനിടയിൽ ലൈറ്റർ തട്ടിമാറ്റാൻ പോലീസ് ശ്രമിച്ചപ്പോൾ രണ്ടു രാജൻ്റെയും ഭാര്യയുടെയും ശരീരത്തിലേക്ക് തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഇവരെ ജനുവരി 15 വരെ ഒഴിപ്പിക്കരുത് എന്ന ഇടക്കാല ഉത്തരവും വന്നു. ദിവസങ്ങൾ കഴിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജനും ഭാര്യ അമ്പിളിയും മരണപ്പെട്ടു. രണ്ടു കുട്ടികൾ അനാഥരായി. പോലീസിനെ പിന്തിരിപ്പിക്കാനായി ആത്മഹത്യ ഭീക്ഷണി മുഴക്കുക മാത്രമാണ് ഉദ്ദേശമെന്ന് രാജൻ മരണ മൊഴിയും നൽകിയിരുന്നു.വീട്ടിലേക്ക് ഒഴിപ്പിക്കാനായി എത്തിയ പോലീസ് കുറച്ച് സമയം പോലും കാത്തിരിക്കാതെ രാജനെ വീട്ടിൽ നിന്നും വലിച്ചിറക്കുകയായിരുന്നു എന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം സംഭവം ഇത് ആദ്യത്തേതല്ല. ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മൂക്കിനുകീഴെ   കഴിഞ്ഞ ആറ് മാസത്തിനിടയിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്.

Also related: നെയ്യാറ്റിൻ‍കര സംഭവം : കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ

തിരുവനന്തപുരം ആറ്റിപ്ര വില്ലേജിൽ മൺവിള ചെങ്കൊടിക്കാട് ദളിത് കോളനിയിൽ 6 പട്ടികജാതി കുടുംബങ്ങളെ പോലീസ് അതിക്രൂരമായി കുടിയിറയത് ഈ കഴിഞ്ഞ ജൂലൈ 28നായിരുന്നു. കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറുടെ പരിധിയിൽപ്പെടുന്ന മൂന്ന് പോലീസ് സ്റ്റേഷനിലെ നൂറോളം പോലീസുകാരും സിപിഎം ഗുണ്ടകളും ചേർന്ന് ബുൾഡോസർ കൊണ്ട് വീടുകള്‍ ഉള്‍പ്പെടെ സര്‍വതും മണ്ണോട് മണ്ണ് ചേർത്തത്. ചെങ്കൊടിക്കാട് ദളിത് കോളനിയിലെ 47 സെൻറ് സ്ഥലത്തിലെ വീടുകളാണ്. സി പി എം ഗുണ്ടകളും പോലിസും കോളനി വളഞ്ഞ ശേഷം പുലർച്ചെ 5 മണിക്ക് ഉറങ്ങിക്കിടന്ന കോളനി നിവാസികളെ ഉടുതുണി പോലും മാറാൻ അനുവദിക്കാതെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് വലിച്ചഴച്ച് കൊണ്ടു പോകുകയും പത്ത് മണിക്കൂറോളം തടവിൽ വെച്ച ശേഷമായിരുന്നു ചെങ്കൊടിക്കാടിൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന വീടുകളും മരങ്ങളും ഉൾപ്പെടെ സർവ്വതും മണ്ണിനടിയിലാക്കിയത്.

Also related: ഈ സംഭവം നടന്നത് ഉത്ത൪ പ്രദേശില് എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാ൪ ഉണ൪ന്നേനെ

കോവിഡ്ക്കാലത്ത് കുടിയൊഴിപ്പിക്കലുകൾ പാടില്ല എന്ന ഇന്ത്യയിയെ പരമോന്നത നീതിപീഠമായ സുപ്രിം കോടതിയുടെ ഉത്തരവ് നിലനിൽക്കെയായിരുന്നു ചെങ്കൊടിക്കാടിൽ പോലീസ് നരനായാട്ട് നടത്തിയത്. പോലീസ് വിട്ടയച്ച ശേഷം സ്വന്തം വീടുകളിലേക്ക് എത്തിയവർ ഞെട്ടി. തങ്ങൾ വർഷങ്ങായി താമസിച്ച സ്ഥലം ഒരു ഫുഡ്ബോൾഗൗണ്ടിന് സമാനമായി നിരപ്പാക്കിയിരിക്കുന്നു. പിന്നീട് ഈ കിരാത നടപടിക്കെതിരെ ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ ദിവസങ്ങളായി വൃദ്ധരായ അമ്മമാരും കൈക്കുഞ്ഞുങ്ങളുമായി സർവ്വതും നഷ്ടപ്പെട്ട സ്ത്രികളും നടത്തിയ സമരം കേരളത്തിലാരും മറന്ന് പോകാനിടയില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് ഈ സംഭവം അരങ്ങേറിയത്.

Also related: ചികിത്സ കിട്ടിയില്ല, വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

ആറ്റിപ്രയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടേയും കണ്ണീർ കേരള സമൂഹ മനസ്സിൽ നൽകിയ മുറിവുണങ്ങുന്നതിന് മുമ്പ് അതേ പിണറായി പോലീസിൻ്റെ കാർമ്മികത്വത്തിൽ സമാനമായ മറ്റൊരു സംഭവം ആവർത്തിച്ചിരിക്കുന്നു. മൺവിളയിൽ ജീവനുകൾ ഒന്നും നഷ്ടപ്പെട്ടില്ല എന്നത് മാത്രമാണ് വ്യത്യാസം. ചെങ്കൊടിക്കാട് ദളിത് കുടുംബങ്ങളുടെ തിരച്ചറിയൽ രേഖകളും, വിദ്യാഭ്യാസ രേഖകളുമടക്കം സർവ്വ സമ്പാദ്യങ്ങളും പോലിസ് മണ്ണാട് മണ്ണ് ചേർത്തപ്പോൾ നെയ്യാറ്റിൻകരയിൽ പോലീസിൻ്റെ അമിതാവേശം കാരണം കൊല്ലപ്പെട്ട രണ്ട് മനുഷ്യ ജീവനുകളാണ് മണ്ണോട് ചേർന്നത്. ഇടത് പക്ഷ സർക്കാർ എന്ന് സ്വയം അവകാശപ്പെടുന്നവർ ഭരിക്കുമ്പോഴാണ് ഈ രണ്ട് സംഭവങ്ങളും നടന്നത് എന്നതാണ് ഏറ്റവും ഖേദകരം. കേരളത്തിലെ പിണറായി വിജയൻ ഭക്തൻമാർ ഇതിനെയെല്ലാം പ്രതിരോധിക്കാനായി പറയുന്ന ഒരു ന്യായവാദമുണ്ട്. മൺവിളയിൽ ഞങ്ങൾ നഷ്ടപരിഹാരം നൽകിയില്ലേ, നെയ്യാറ്റികരയിൽ സർക്കാർ മരിച്ച രാജൻ്റെയും അമ്പിളിയുടേയും മക്കളുടെ വിദ്യാഭ്യാസ ചിലവടക്കം സർക്കാർ ഏറ്റെടുത്തില്ലേ? എന്ന വിചിത്ര വാദമാണത്.

Also related: കോളനിക്കാര്‍ക്ക് വസന്തയെ ഭയം, ഭൂമി കൈക്കലാക്കാന്‍ കള്ളകേസില്‍ കുടുക്കി ഗുണ്ടായിസം

കൊല്ലുന്ന രാജാവിവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന ഇവർ ഓർക്കേണ്ട വസ്തുത “പിണറായി വിജയൻ എന്ന വ്യക്തി പോലീസിൻ്റെ ചുമതലകൂടി വഹിക്കുന്ന കേരളത്തിൻ്റെ മുഖ്യ മന്ത്രിയാണ്; അല്ലാതെ ഏതെങ്കിലും ഇൻഷുറൻസ് കമ്പിനിയുടെ മാനേജർ അല്ല ” എന്നതാണ്. പ്രതിപക്ഷത്തായിരിക്കുമ്പോൾ പോലീസ് ഭരണകൂടത്തിൻ്റെ ലാത്തിയാണ് എന്നും ഭരണകൂടത്തിൻ്റെ മർദ്ധക ചൂഷക യന്ത്രങ്ങളാണ് എന്ന് ആരോപിക്കുന്നവർ തന്നെയാണ് ഇന്ന് പിണറായി പോലീസിൻ്റെ മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്നത് എന്നത് ലജ്ജാകരമാണ്. ഇഎംഎസും എ കെ ജിയുമടക്കം നിർത്തലാക്കിയ കുടി ഒഴിപ്പൽ എന്ന കിരാത രീതി പിണറായി വിജയൻ്റെ കാർമ്മികത്വത്തിൽ കേരളത്തിൽ ഇന്ന് പോലീസ് തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. ഇതിനെ ഭരണകൂട ഭീകരത എന്നല്ലാതെ എന്ത് പേരിട്ടാണ് വിളിക്കാൻ കഴിയുക എന്ന് ഇടത് പക്ഷം എന്ന് അവകാശപ്പെടുന്നവർ തന്നെ ആത്മവിമർശനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Also related: നെയ്യാറ്റിൻകര സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, ‘പോലീസിന്റെ ഗുരുതര വീഴ്ച പരിശോധിക്കണം’

ഇതിനിടയിൽ മറ്റൊരു കണക്ക് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. പിണറായി വിജയൻ സർക്കാറിൻ്റെ ലൈഫ്മിഷൻ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തിയ സർവ്വേയിൽ കേരളത്തിൽ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർ 3.8 ലക്ഷം കുടുംബങ്ങൾക്കാണ്. കൃത്യമായി പറഞ്ഞാൽ 3,38,599 കുടുംബങ്ങൾ. ഏറ്റവും കൂടുതൽ പേർ സംസ്ഥാന ഭരണ സിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കണക്ക്. തിരുവനന്തപുരത്ത് 56158പേര്‍ക്ക്സ്വന്തമായി ഭൂമിപോലുമില്ല .കൊല്ലം 40023, പാലക്കാട് 32547 എറണാകുളം 37698 തൃശ്ശൂര്‍ 35581, മലപ്പുറം 25435, എന്നിങ്ങനെയാണ് സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്തവരുടെ കണക്ക്.

 

പിണറായി ഭരണത്തിൻ്റെ വരും ദിവസങ്ങളിൽ ഈ ഭൂരഹിതരിൽ പലരും നെയ്യാറ്റിൻകരയിലെ രാജനും അമ്പിളിക്കും ഉണ്ടായ ദുർവിധിക്കോ, മൺവിളയിലെ കുടുംബങ്ങൾ അതിക്രൂരമായ മനുഷ്യവകാശ ലംഘനത്തിനും പോലീസിൻ്റെ നേത്യത്വത്തിലുള്ള ഭരണകൂട ഭീകരതക്കോ ഇരയാവാം. ഇനിയും രാഹുലിനെപ്പോലെയും രഞ്ജിത്തിനെയും പോലെ അനാഥ ബാല്യങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം. രോഗം വരാതെ നോക്കാനല്ല രോഗം വന്ന ശേഷം ചികിത്സിക്കാം എന്ന് കരുതുന്ന ഭരണകൂടം ഭരിക്കുമ്പോൾ ആരും ഒരക്ഷരം മിണ്ടരുത്; ഇത് കേരളമാണ് പിണറായി വിജയൻ ഭരിക്കുന്ന നമ്പർ വൺ കേരളം. അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ആ ബാലൻ വിരൽ ചൂണ്ടുന്നത് പിണറായി വിജയൻ്റെ മുഖത്തേക്കാണ് എന്ന് പിണറായി ഭരണത്തിൽ അത്മരതിയടയുന്നവർ ഒന്നോർത്താൽ നന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button