നിലമ്പൂര്‍: കാടിനുള്ളില്‍ ചികിത്സകിട്ടാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ചോലനായ്ക്ക വിഭാഗത്തില്‍ പെട്ട ആദിവാസി യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണ അന്ത്യം. മോഹനന്റെ ഭാര്യ നിഷ (38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്. കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ മണ്ണളയിലാണ് സംഭവം.വ്യാഴാഴ്ച പുലര്‍ച്ചെ പ്രസവത്തിന് ശേഷം കുഞ്ഞിന് പാലു നല്‍കിയതിന് പിന്നാലെ നിഷ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
‘അമ്മ മരിച്ചു രണ്ടു ദിവസം കുഞ്ഞിനെ നോക്കിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ കുഞ്ഞും മരിക്കുകയായിരുന്നു.നിഷയ്ക്ക് ഗര്‍ഭകാലത്ത് വേണ്ടത്ര മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തെ ഒരു പ്രസവവും കാട്ടില്‍ തന്നെയായിരുന്നു.
അതേ സമയം പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് ഇടയാക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.ശനിയാഴ്ചയാണ് അധികൃതര്‍ വിവരമറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറും സംഘവും കോളനിയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും, പാല്‍പ്പൊടിയും അനുബന്ധ സഹായങ്ങളും നല്‍കി മടങ്ങിപ്പോരുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധന്‍ കുഞ്ഞിനെ പരിശോധിച്ചിരുന്നു. അന്ന് രാത്രിയാണ് കുട്ടി മരിച്ചത്.
പിന്നീട് യുവതിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നതു തന്നെ. ആശുപത്രിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാലാണ് പ്രസവം വനത്തിനുള്ളിലാക്കാന്‍ കാരണമെന്ന് കുടുംബം പറഞ്ഞു.പുറംലോകവുമായി ബന്ധം പുലര്‍ത്തുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്ന ആദിവാസി ഗോത്ര സമൂഹമാണ് ചോലനായ്ക്കന്‍മാര്‍.
read also: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം യു.എ.ഇയിലും കണ്ടെത്തി
ഇവരെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഉള്‍ക്കാടുകളിലെ പാറകളിലോ ഗുഹകളിലോ കുടിലുകളിലൊ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരെ അവിടെത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു പോരുന്നത്.
ഉള്‍ വനത്തിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഇവര്‍ക്കായുള്ള മിക്ക സര്‍ക്കാര്‍ പദ്ധതികളും പാതിവഴിയില്‍ മുടങ്ങുകയോ നടപ്പാകാതെ പോകുകയോ ചെയ്യുന്നതാണ് പതിവ്. പദ്ധതികള്‍ കാര്യക്ഷമമല്ല എന്നതിന്റെ സൂചനയാണ് ആദിവാസി യുവതിയുടെ മരണത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കരുളായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്.
Post Your Comments