കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുന്ന പശ്ചിമ ബംഗാളില്‍ വന്‍ രാഷ്ട്രീയ പോര്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് കുടുംബ കലഹത്തിലേക്ക് വരെ നയിക്കുന്നു എന്നാണ് റിപ്പോർട്ട്. ബി.ജെ.പി എം.പിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്‍റുമായ സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാന്‍ ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്.
ഇതോടെ ഭാര്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയക്കാന്‍ ഒരുങ്ങുകയാണ് ബിജെപി എംപി സൗമിത്ര ഖാന്‍. ഭാര്യ സുജാത മൊണ്ടാല്‍ തൃണമൂലില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. വിവാഹ മോചന നോട്ടീസ് അയക്കാന്‍ എംപി തീരുമാനിച്ചു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുജാത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അവര്‍ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല എന്നാണ് വിവരം. ബിഷ്ണുപൂരിലെ സുജാത താമസിക്കുന്ന വീടിനുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു.
കൂടാതെ സുജാത ഉപയോഗിച്ചിരുന്ന കാര്‍ തിരുച്ചു വാങ്ങുകയും ചെയ്തു. അതേസമയം ബിജെപി ജനങ്ങള്‍ക്ക് ആദരവ് നല്‍കുന്നില്ലെന്ന് സുജാത പറഞ്ഞു. അവസരവാദികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്. തന്നെ അവര്‍ ഗൗനിച്ചതേയില്ലെന്നും സുജാത മാധ്യമപ്രവർത്തകരോട് പറയുന്നു.ബിജെപിയുടെ ജയത്തിന് വേണ്ടി ഞാന്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെ പരിഗണിച്ചില്ല. ബിജെപിയില്‍ ആറ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. ഉപമുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന 13 പേരുമുണ്ട്.
read also: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംശയാസ്പദമായ രീതിയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
നേതൃത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്ക് കൃത്യമായ മറുപടിയില്ല. നേതൃത്വത്തെ അറിയാത്തവര്‍ എങ്ങെയാണ് ജനങ്ങള്‍ക്ക് മാതൃകയാകുക എന്നും സുജാത ചോദിക്കുന്നു. അതേസമയം, ഭാര്യയുടെ കളംമാറ്റം തൃണമൂലിന്റെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. കുടുംബത്തെ തകര്‍ത്താണ് തൃണമൂല്‍ വളരാന്‍ ശ്രമിക്കുന്നത്. തന്റെ ഭാര്യയ്ക്ക് എംപിയുടെ പത്‌നി എന്ന നിലയില്‍ എല്ലാ പദവിയും ലഭിച്ചിരുന്നുവെന്നും സൗമിത്ര ഖാന്‍ പറഞ്ഞു.
Post Your Comments