മുംബൈ : ദാവൂദ് ഇബ്രാഹിമിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ടൈഗര്‍ മേമന്‍ എവിടെ ? ഇന്നും ചോദ്യചിഹ്നമായി അവശേഷിയ്ക്കുന്നു. പാകിസ്ഥാനിലെ ഏതോ അജ്ഞാത കേന്ദ്രത്തിലുണ്ടെന്നു തന്നെയാണ് ഇന്ത്യയുടെ വിശ്വാസം . 1993 ലെ 93 മുംബൈ സ്‌ഫോടന പരമ്പരയുടെ തലച്ചോര്‍ എന്നാണ് ടൈഗര്‍ മേമനെ വിശേഷിപ്പിക്കുന്നത്. അധോലോക രാജാവായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്നു ടൈഗര്‍ .
ഇപ്പോഴും ദുബായ് കേന്ദ്രമായി മറ്റും പല ബിസിനസുകളും ഇയാള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍ ഇയാള്‍ക്കു ഹോട്ടലുകള്‍ ഉള്ളതായും കരുതപ്പെടുന്നു.
ഇബ്രാഹിം മുഷ്താഖ് അബ്ദുല്‍ റസാഖ് മേമന്‍ എന്നാണ് യഥാര്‍ഥ പേര്. 1960 നവംബര്‍ 24ന് മുംബൈയിലാണ് ജനനം. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്കു ശേഷം തിരിച്ചടി എന്ന നിലയില്‍ പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ രഹസ്യ പിന്തുണയോടെ ആസൂത്രണം ചെയ്ത മുബൈ സ്‌ഫോടന പരമ്പരയില്‍ ടൈഗര്‍ മേമനു വലിയ പങ്കാണുള്ളത്.
ഇന്ത്യ വിറച്ച സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 713 പേര്‍ക്കു പരിക്കേറ്റു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവുമുണ്ടായി. സ്‌ഫോടന പരന്പരയുടെ പ്രധാന ആസൂത്രകനാണ് ടൈഗര്‍ മേമന്‍. ദാവൂദ് ഇബ്രാഹിമിനെ തീവ്രവാദ വഴിയിലേക്കു നടത്തിയതു ടൈഗര്‍ മേമനാണെന്നും കരുതുന്നു.
സഹോദരനും മുംബൈ സ്‌ഫോടന പരമ്പരയിലെ മറ്റൊരു പ്രധാന പ്രതിയുമായ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പ് മുംബൈയിലുള്ള കുടുംബ വീട്ടിലേക്കു ടൈഗര്‍ മേമന്‍ വിളിച്ചിരുന്നു.
ഈ കോള്‍ എവിടെനിന്നാണെന്നു കണ്ടെത്താനായില്ല. വെറും മൂന്നു മിനിറ്റ് മാത്രമായിരുന്നു സംസാരം നീണ്ടത്. വധശിക്ഷയില്‍ ദുഃഖം രേഖപ്പെടുത്താനല്ല ഫോണ്‍ വിളിച്ചത്, പ്രതികാരം ചെയ്യുമെന്ന വാഗ്ദാനമാണ് ടൈഗര്‍ നടത്തിയത്.
യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിനു പ്രതികാരം ചെയ്യുമെന്ന് ഈ സംഭാഷണത്തില്‍ ടൈഗര്‍ മേമന്‍ അമ്മയോടു പറഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അക്രമം നിര്‍ത്തണമെന്ന് അമ്മ മകനോട് ആവശ്യപ്പെട്ടു. ശബ്ദം ടൈഗര്‍ മേമന്റേതെന്നു തന്നെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. എന്നാല്‍, ഇന്റര്‍നെറ്റ് കോള്‍ ആയതിനാല്‍ എവിടെനിന്നാണ് അയാള്‍ വിളിച്ചതെന്നു കണ്ടെത്താനായില്ല. ടൈഗര്‍ മേമന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം
Post Your Comments